യുഎഇയില്‍ കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒമാനിലെ ഗംദ പ്രദേശത്തുനിന്നാണ് വ്യാഴാഴ്ച മൃതദേഹം കണ്ടെത്തിയതെന്ന് റാസല്‍ഖൈമ പൊലീസ് സ്ഥിരീകരിച്ചു. യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കഴിഞ്ഞ 11-ാം തീയ്യതി റാസല്‍ഖൈമയിലെ വാദി അല്‍ ബീഹില്‍ നിന്നാണ് കാണാതായത്.

ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്താനായതെന്ന് പൊലീസ് അറിയിച്ചു. ജനുവരി 11 മുതല്‍ തന്നെ റാസല്‍ഖൈമ പൊലീസ്, ദുബായ് പൊലീസ് എന്നിവര്‍ ഒമാന്‍ അധികൃതരുമായി ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയായിരുന്നു.

യുഎഇയിലെ ശക്തമായ മഴ കാരണമുണ്ടായ പ്രളയത്തില്‍ ഇയാളുടെ കാര്‍ ഒഴുകിപ്പോവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ആറ് ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഗംദ ഏരിയയില്‍ പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.