പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ.ടോമി എടാട്ട് നയിക്കുന്ന ഏകദിന ധ്യാനം നാളെ ബോള്‍ട്ടണില്‍ നടക്കും. ബോള്‍ട്ടണ്‍ തിരുന്നാളിന് ഒരുക്കമായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ഉച്ച കഴിഞ്ഞു മൂന്നു മുതല്‍ രാത്രി 7 വരെ ബോള്‍ട്ടണ്‍ ഫാന്‍വര്‍ത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലാണ് ധ്യാനം നടക്കുക. മരിയഭക്തിയുടെ പ്രസക്തി ഇന്നത്തെ കാലയളവില്‍ എന്നതാണ് ധ്യാന വിഷയം. ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ മനഃശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്ന ഫാ.ടോമി എടാട്ട് തലശേരി രൂപതാംഗവും, നിലവില്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ പനയ്ക്കല്‍ അച്ചനൊപ്പം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.

ദിവ്യബലിയോടെ ആവും ധ്യാനം സമാപിക്കുക. തിരുന്നാള്‍ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ ദിവസങ്ങളിലായി നടക്കും. എട്ടാം തിയതി വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ചാപ്ലിന്‍ ഫാ.തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസക്കാലം നീണ്ടുനില്‍ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. കൊടിയേറ്റത്തെ തുടര്‍ന്ന് ലദീഞ്ഞും ദിവ്യബലിയും ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം 6.30 ന് നടക്കുന്ന ദിവ്യബലിയില്‍ ഫാ.ഡേവിഡ് ഈഗന്‍ കാര്‍മ്മികനാകും.

പ്രധാന തിരുന്നാള്‍ ദിനമായ ഞാറാഴ്ച രാവിലെ 11ന് തിരുന്നാള്‍ കുര്‍ബാനക്ക് തുടക്കമാകും. ഫാ ജിനോ അരീക്കാട്ട് ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികനാകും. ഇതേതുടര്‍ന്ന് കൃത്യം 12.45ന് തിരുന്നാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. മുത്തുക്കുടകളുടെയും, പതാകകളുടെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ചുകൊണ്ട് നടക്കുന്ന തിരുന്നാള്‍ പ്രദക്ഷിണം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വാണ്. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം സമാപന ആശീര്‍വാദവും തുടര്‍ന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കും.

ഇതേതുടര്‍ന്ന് പാരിഷ് ഹാളില്‍ കലാപരിപാടികള്‍ക്ക് തുടക്കമാകും. സണ്ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും വിവിധ പരിപാടികളുമായി വേദിയില്‍ എത്തുന്ന മികച്ച വിരുന്നാണ് അണിയറയില്‍ ഒരുങ്ങുന്നത്.തിരുന്നാള്‍ ദിനം വിശ്വാസികള്‍ക്ക് അടിമ വെക്കുന്നതിനും, മുടിനേര്‍ച്ച എടുക്കുന്നതിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. തിരുന്നാള്‍ വിജയത്തിനായി ഇടവക വികാരി ഫാ.തോമസ് തൈക്കൂട്ടത്തിലിന്റെയും ട്രസ്റ്റിമാരായ ജെയ്‌സണ്‍ ജോസഫ്,ആന്റണി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.

ഏകദിന ധ്യനത്തിലും,തിരുന്നാള്‍ തിരുന്നാള്‍ തിരുക്കര്മങ്ങളിലും പങ്കെടുത്തു പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ ധാരാളമായി പ്രാപിക്കുവാന്‍ ഏവരെയും തിരുന്നാള്‍ കമ്മറ്റി ബോള്‍ട്ടണിലേക്ക് സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം

Our Lady of lourdes church
275 plodder lane
Famworth,Bolton
BL4 0BR