മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിൽ ഒരാൾ ബെംഗളൂരുവിൽ കസ്റ്റഡിയിൽ. ആതിത്യ റാവു എന്ന യുവാവാണ് അറസ്റ്റിലായതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. ഇയാളാണ് വിമാനത്താവളത്തിൽ ഐഇഡിയുടെ (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസ്) വിഭാഗത്തിൽ പെടുന്ന സ്ഫോടക വസ്ഥു നിക്ഷേപിച്ചതെന്നാണ് റിപ്പോർട്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേസ് അന്വേഷിക്കുന്ന മംഗളൂരു സിറ്റി പോലീസിന്റെ അന്വേഷണ സംഘം ഉടൻ തന്നെ ബെംഗളൂരുവിലേക്ക് പുറപ്പെടുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. പിടിയിലായ ആളെ ചോദ്യം ചെയ്യുകയും ആവശ്യമായ നിയമനടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുമെന്നും കമ്മീഷണർ പിഎസ് ഹർഷ അറിയിച്ചു.

അതേസമയം, ഉഡുപ്പി സ്വദേശിയായ ആതിത്യ റാവു ബെഗളൂരു ഡിജിപി ഓഫീസിലെത്തി കീഴടുങ്ങുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. വിമാനത്താവളങ്ങളിൽ വിളിച്ച് ഭീഷണി മുഴക്കുന്നത് ഇയാളുടെ പതിവാണന്നതരത്തിലും റിപ്പോർട്ടുകളുണ്ട്. നേരത്തെ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (കെ‌എ‌എ) ഭീഷണി സന്ദേശം അയച്ച സംഭവത്തിലും ഇയാൾ ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.

തിങ്കളാഴ്ച രാവിലെയായിരുന്നു മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് പുറത്തായി ഐഇഡി ഭാഗങ്ങള്‍ സിഐഎസ്എഫ് ജവാന്മാര്‍ കണ്ടെത്തിയത്. ബാറ്ററി, വയര്‍, ടൈമര്‍, സ്വിച്ച്, ഡിറ്റണേറ്റര്‍, സ്‌ഫോടകമരുന്ന് എന്നിവയാണ് കണ്ടെത്തിയത്. ഉടന്‍ ബോംബ് സ്‌ക്വാഡിനെ എത്തിച്ച് ഇത് നിർവീര്യമാക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ക്രൂഡ് ഐഇഡിയാണ് എന്നാണ് ഒരു ഉദ്യോഗസ്ഥന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

സിസിടിവി ദൃശ്യങ്ങളും എയര്‍പോര്‍ട്ട് ടെര്‍മിനലും സിഐഎസ്എഫ് വിശദമായി പരിശോധിച്ചതോടെ ഓട്ടോറിക്ഷയിലെത്തിയ ഒരാള്‍ ഇന്‍ഡിഗോ കൗണ്ടറിന് സമീപം ബാഗ് വച്ച് പോകുന്നത് സിഐഎസ്എഫ് കണ്ടെത്തിയിരുന്നു. അതേ ഓട്ടോറിക്ഷയില്‍ തന്നെ അയാള്‍ സ്ഥലം വിടുകയും ചെയ്തു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു.

മംഗളൂരുവിലെ സംഭവത്തിന് പിന്നാലെ വൈകീട്ട് ബംഗളൂരുവിലേയ്ക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി വന്നതും ആശങ്ക പരത്തി. ഇതേ തുടര്‍ന്ന് പുറപ്പെട്ട വിമാനം തിരികെ വിളിച്ചു. ഈ രണ്ട് സംഭവത്തിനും പിന്നില്‍ ഒരാളോ അല്ലെങ്കില്‍ ഒരേ വ്യക്തികളോ തന്നെയാണ് എന്ന നിഗമനത്തിലായിരുന്നു കര്‍ണാടക പൊലീസ്. പിന്നാലെയാണ് ഇപ്പോഴത്തെ അറസ്റ്റ് വാർത്ത പുറത്ത് വരുന്നത്.