ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിൻഗാമിയാകുന്ന ബോറിസ് ജോൺസൺ ആരെന്നറിയാം.ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ പരിചിത മുഖമാണ് ബോറിസ് ജോണ്‍സന്‍റേത്. തീവ്ര ബ്രെക്സിറ്റ് അനുകൂലിയായ അദ്ദേഹം ഏതുവിധേനയും ബ്രിട്ടണെ യൂറോപ്യന്‍ യൂണിയന് പുറത്തുകടത്തും എന്ന നിലപാടുകാരനാണ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്ന അദ്ദേഹം ബ്രെക്സിറ്റ് കാമ്പയിൻ അനുകൂലിയാണ്.വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവപരിചയം ഇറാന്‍ പിടിച്ചുവച്ചിരിക്കുന്ന ബ്രിട്ടിഷ് കപ്പല്‍ മോചിപ്പിക്കുന്നതില്‍ പ്രയോജനം ചെയ്യുമോയെന്ന് ഇന്ത്യയും കാത്തിരിക്കുന്നു.

1964ൽ ന്യൂയോർക്ക്സിറ്റിയിലാണ് ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  ചരിത്രകാരന്‍ കൂടിയായ ജോണ്‍സണ്‍റെ കോളങ്ങള്‍ വായനക്കാരുടെ ശ്രദ്ധപിടിച്ചുപറ്റി.

ടൈംസിൽ മാധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ് ലി ടെലിഗ്രാഫിന്‍റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരംകൊള്ളിക്കുന്നതായിരുന്നു ബോറിസിന്‍റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994ൽ ടെലിഗ്രാഫിന്‍റെ അസിസ്റ്റന്‍റ് എഡിറ്ററായി. 1999ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005വരെ ആ സ്ഥാനത്ത് തുടർന്നു.

അതിനിടെ 2001ൽ ഹെൻലിയിൽനിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി.2012 ലെ ലണ്ടന്‍ ഒളിംപിക്സിന്‍റെ മുഖ്യന‍ടത്തിപ്പുകാരില്‍ ഒരാളായിരുന്നു ബോറിസ് ജോണ്‍സണ്‍. ബ്രെക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നു വാദിക്കുന്ന ‘ലീവ്’ പ്രചാരകരുടെ പാനലിനു നേതൃത്വംനൽകിയത് ജോണ്‍സണായിരുന്നു. സംരക്ഷണവാദത്തിന്‍റെ വക്താവായ അദ്ദേഹത്തെ പലരും ഡോണള്‍ഡ് ട്രംപുമായി താരതമ്യം ചെയ്തു.  2016ല്‍ തെരേസ മെ സര്‍ക്കാരില്‍ വിദേശകാര്യ സെക്രട്ടറിയായ ജോണ്‍സണ്‍ പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതകൾ മൂലം 2018 ൽ മന്ത്രിസ്ഥാനം രാജിവച്ചു.  വംശീയ പ്രസ്താവനകളാലും സ്വജനപക്ഷപാതത്താലും പ്രതിപക്ഷത്തുനിന്നും സ്വന്തം പാർട്ടിയിൽനിന്നുമടക്കം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്ര ധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

ബ്രെക്സിറ്റ് വിഷയത്തിൽ പാർലമെന്‍റിൽ സമവായത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് തെരേസ മേയ് രാജിവെച്ചത്. അതുകൊണ്ടുതന്നെ ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബ്രിട്ടൻ അപമാനിക്കപ്പെടാൻ പോകുകയാണ് എന്നാണ് ബോറിസ് പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഡേവിഡ് ഗൗക്കെ പറഞ്ഞത്. ജോണ്‍സണോട് സഹകരിക്കില്ലെന്ന് നിരവധി മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ മന്ത്രിസഭയില്‍ വലിയ പൊളിച്ചെഴുത്തുകള്‍ വേണ്ടിവരുമെന്നുറപ്പായി.കരാറില്ലാത്ത ബ്രെക്സിറ്റ് എന്ന നയം ബ്രിട്ടന്‍റെ ഭാവിയെക്കുറിച്ചുയര്‍ത്തുന്ന വലിയ ആശങ്കകള്‍ക്ക് എന്ത് ഉത്തരമാണ് ബോറിസ് ജോണ്‍സണ്‍റെ പക്കലുള്ളതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.