യുഎസിലെ മുൻ ബ്രിട്ടീഷ് അംബാസഡർ കിം ഡാരോച്ചിന്റെ ഇമെയിൽ പരാമർശങ്ങൾ സൃഷ്ടിച്ചിരുന്നു. യുഎസ് യുകെ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ സംശയിച്ചിരുന്നു . എന്നാൽ യുകെ യുഎസ് ബന്ധം ശക്തമാണെന്നും ബോറിസ് ജോൺസണും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ബന്ധം ഉഷ്മളമാണെന്നും യുകെയിലേക്കുള്ള യുഎസ് അംബാസഡർ വുഡി ജോൺസൺ അഭിപ്രായപ്പെട്ടു ഇരുവരുടെയും നേതൃത്വ ശൈലിയിൽ വളരെയധികം സാമ്യമുണ്ടെന്നും ഇരുവർക്കും കാര്യങ്ങൾ ചെയ്യുവാൻ ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ്‌ വിഷയം യുഎസ് യുകെ ബന്ധത്തെ ബാധിക്കില്ലെന്നും വുഡി കൂട്ടിച്ചേർത്തു.

യുഎസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ ട്രംപിനെ ‘ബുദ്ധിമാന്ദ്യമുള്ള അജ്ഞൻ’ എന്ന് ജോൺസൺ പരിഹസിച്ചിരുന്നു. ഒപ്പം മുസ്ലിങ്ങൾ യുഎസിൽ പ്രവേശിക്കുന്നതിന് ട്രംപ് വിലക്കേർപ്പെടുത്തിയപ്പോൾ, അദ്ദേഹം വൈറ്റ് ഹൗസിന് യോഗ്യനല്ലെന്ന് ജോൺസൺ പരാമർശിച്ചിരുന്നു. എന്നാൽ ഇതൊന്നും അവരുടെ ബന്ധത്തെ ബാധിക്കില്ലെന്ന് വുഡി പറഞ്ഞു. ” ട്രംപ് വ്യക്തിപരമായി കോപം വച്ചുപുലർത്താറില്ല.ഇരുവർക്കും വിപരീത ആശയങ്ങൾ ഉണ്ടായിരിക്കാം. പക്ഷേ നമ്മൾ രണ്ടും വലിയ രാജ്യങ്ങളാണ്. രണ്ടു നേതാക്കന്മാർക്കും അവരുടെ ജനതയെ പുരോഗതിയിലേക്ക് നയിക്കണമെന്നുണ്ട്. ” വുഡി കൂട്ടിച്ചേർത്തു.

ബോറിസ് ജോൺസന്റെ വിജയവാർത്ത അറിഞ്ഞയുടൻ ട്രംപ് ട്വീറ്റ് ചെയ്തത് ‘ അദ്ദേഹം മഹാനാകും! ‘ എന്നാണ്. ‘ ബ്രിട്ടീഷ് ട്രംപ് ‘ എന്ന് വിശേഷിപ്പിക്കാവുന്ന ജോൺസൺ, പക്ഷേ തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റിനേക്കാൾ ഒരുപടി മുന്നിലാണ്.ഡൊണാൾഡ് ട്രംപും ബ്രെക്സിറ്റിനെ പിന്തുണയ്ക്കുന്ന വ്യക്തിയാണ്. ഒപ്പം മേയുടെ സർക്കാരിനെ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം രണ്ട് രാജ്യങ്ങളും ചേർന്ന് ഒരു വാണിജ്യ കരാർ നടത്തുവാൻ പദ്ധതിയിടുന്നുണ്ട് . ട്രംപും ബോറിസ് ജോൺസണും തമ്മിലുള്ള കൂടിക്കാഴ്ച ഉടൻ ഉണ്ടാവും .