ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കുവേണ്ടി ഇന്നലെ സൗത്ത്വാർക്ക് കത്തീഡ്രലിൽ നടന്ന പ്രത്യേക ശുശ്രൂഷയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ആക്രമണ ഭീതി ജനങ്ങളിൽ നിന്നും വിട്ടുമാറിയിട്ടില്ലെന്ന് ഡീൻ വെരി റവ. ആൻഡ്രൂ നൺ പറഞ്ഞു. കത്തിയാക്രമണം നടന്നപ്പോൾ ഒരുകൂട്ടം ആളുകൾ പള്ളിയിലേക്ക് ഓടുന്നത് കണ്ട് 2017ലെ ആക്രമണം ഓർത്തുപോയെന്ന് അദ്ദേഹം പറഞ്ഞു. “ജനങ്ങൾ മറക്കാൻ ശ്രമിക്കുന്നത് വീണ്ടും സംഭവിക്കുന്നു. ഭയവും ഭീതിയും ജനങ്ങളിൽ നിറഞ്ഞിരിക്കുന്നു. ദുഷ്ടരുടെ പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കും, പക്ഷേ നമുക്ക് ചുറ്റും കാണുന്ന നല്ല ആളുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുഷ്ടരായവർ വളരെ കുറവാണ്. ഈസമയത്ത് എല്ലാവരും ചേർന്നു നിൽക്കാനും പരസ്പരം പിന്തുണ നല്കാനും പരിശ്രമിക്കണം. ” നൺ ഉത്‌ബോധിപ്പിച്ചു. ആക്രമണം നടത്തിയപ്പോൾ ഖാനെ നേരിട്ട ആളുകളുടെ ധീരതയെയും അദ്ദേഹം പ്രശംസിച്ചു.

ഫോറൻസിക് പരിശോധന നടക്കുന്നതിനാൽ ലണ്ടൻ ബ്രിഡ്ജ് അടച്ചിട്ടിരിക്കുകയാണ്.2012ല്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനു ശിക്ഷിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചയാളാണ് കൊലയാളിയായ ഉസ്മാൻ. 2013ൽ, ഉസ്മാന്റെ ജയിൽ ശിക്ഷ 16 വർഷമായി കോടതിയിൽ നീട്ടുകയുണ്ടായി. എന്നാൽ 2018 ഡിസംബറിലാണ് ഇയാളെ ലൈസൻസിൽ വിട്ടയച്ചത്. നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഉസ്മാനെ ജയിൽ മോചിതനാക്കിയത്. ഈയൊരു നടപടിയെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കുറ്റപ്പെടുത്തി. ഇത്രയും ആക്രമണകാരിയായ ഒരാളെ എന്തിന് ജയിലിൽ നിന്നും പുറത്ത് വിട്ടു എന്ന് അദ്ദേഹം ചോദിച്ചു. ഒപ്പം ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണെന്നും ഉസ്മാന്റെ കാര്യത്തിൽ തെറ്റ് പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ക്രൂരമായ ആക്രമണങ്ങൾക്ക് ശിക്ഷിക്കപ്പെട്ട 74 ഓളം തീവ്രവാദികളെ ജയിലിൽ നിന്ന് നേരത്തെ വിട്ടയച്ചതായി ജോൺസൺ വെളിപ്പെടുത്തി. സമൂഹത്തിന് അവർ ഭീഷണി ആവാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. ഭീകരാക്രമണം നടത്തുന്നവരെയോ അതിനായി പദ്ധതി ഇടുന്നവരെയോ ഒരിക്കലും വെറുതെ വിട്ടയക്കാൻ പാടില്ല എന്ന് ബ്രെക്സിറ്റ്‌ പാർട്ടി നേതാവ് നിഗൽ ഫരാഗ് ട്വീറ്റ് ചെയ്തു. 25 കാരനായ ജാക്ക് മെറിറ്റും കേംബ്രിഡ്ജ് സർവകലാശാല മുൻ വിദ്യാർത്ഥിനിയുമാണ് കൊല്ലപ്പെട്ടവരെന്ന് പോലീസ് സ്ഥിരീകരിച്ചു. പരുക്കേറ്റ മറ്റു മൂന്നു പേരും സുരക്ഷിതരാണ്.