കൊച്ചി: കൊച്ചി എളമക്കര സെന്റ് ജോർജ് പള്ളിയിൽ ദമ്പതികൾ നവജാത ശിശുവിനെ ഉപേക്ഷിച്ച് കടന്നു. കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പള്ളി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. എളമക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ പള്ളിയിലെത്തിയ ദമ്പതികൾ പാരിഷ് ഹാളിന് സമീപം കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒന്നിച്ചെത്തിയ യുവാവും യുവതിയുമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. ഇവർക്കൊപ്പം മൂന്ന് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയുമുണ്ടായിരുന്നു.

കൈക്കുഞ്ഞുമായി ചുരിദാറിട്ട ഒരു യുവതിയും മറ്റൊരു കുട്ടിയുടെ കൈ പിടിച്ച് ജീൻസും ടീഷർട്ടുമണിഞ്ഞ ഒരു യുവാവും ഒന്നിച്ചു നടന്നു വരുന്നത് പള്ളിയ്ക്ക് മുന്നിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിലുണ്ട്. ഇതിന് ഏതാനും മിനിട്ടുകൾക്ക് ശേഷം ഇതേ യുവാവ് കൈക്കുഞ്ഞുമായി പാരിഷ് ഹാളിലെത്തി പരിസരത്ത് ആരുമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കുഞ്ഞിനെ തറയിൽ കിടത്തി വേഗത്തിൽ മറയുകയായിരുന്നു. ഉപേക്ഷിക്കുന്നതിന് മുമ്പ് ഇയാൾ കുഞ്ഞിനെ ചുംബിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ഉപേക്ഷിച്ചത് ഭാര്യാ-ഭർത്താക്കൻമാർ തന്നെയാണെന്നാണ് പോലീസ് കരുതുന്നത്. പള്ളിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ കണ്ടെത്താനാണ് ഇപ്പോഴത്തെ ശ്രമം.