ഷെഫീല്‍ഡ്: ഇന്റര്‍നെറ്റ് ഗെയിം ചാലഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ വംശജനായ 11കാരന്‍ വീട്ടുകാരെയും പോലീസിനെയും ഒരു രാത്രി മുഴുവന്‍ നിര്‍ത്തിയത് മുള്‍മുനയില്‍. ഷെഫീല്‍ഡില്‍ താമസിക്കുന്ന കേദന്‍ മിര്‍സയെന്ന പതിനൊന്നുകാരനാണ് ഐക്കിയ ചാലഞ്ച് ഏറ്റെടുത്ത് ഷെഫീല്‍ഡിലെ ഒരു ഐക്കിയ സ്‌റ്റോറില്‍ ഒരു രാത്രി മുഴുവന്‍ ഒളിച്ചിരുന്നത്. ചൊവ്വാഴ്ച സ്‌കൂളില്‍ നിന്ന് പോയ കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോലീസു നിരവധിയാളുകളും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ അപ്പീലുകള്‍ നടത്തുകയും പോസ്റ്ററുകള്‍ വരെ അച്ചടിച്ച് പലയിടങ്ങളിലായി വിതരണം ചെയ്യുകയും ചെയ്തു.

അടുത്ത ദിവസം രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. ഹൈഡ് ഇന്‍ ഐക്കിയ എന്ന ഗെയിമിന്റെ ഭാഗമായാണ് കുട്ടി ഒളിച്ചിരുന്നതെന്ന് കേദന്റെ പിതാവായ ആബിദ് മിര്‍സ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിന്നീട് വെളിപ്പെടുത്തി. കുട്ടികളില്‍ ഇന്റര്‍നെറ്റ് ഗെയിമുകളുടെ സ്വാധീനം വര്‍ദ്ധിച്ചു വരികയാണെന്നും ഇത്തരത്തില്‍ ഒളിച്ചിരിക്കാനുള്ള പ്രവണത പല കുട്ടികള്‍ക്കുമുണ്ടെന്നും മിര്‍സ മറ്റു മാതാപിതാക്കള്‍ക്ക് പോസ്റ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയില്‍ ജനപ്രിയമായ യൂട്യൂബ് വീഡിയോകളില്‍ ഇത്തരം ഒളിച്ചിരിക്കാന്‍ പ്രേരണ നല്‍കുന്ന ചാലഞ്ചുകള്‍ ധാരാളമുണ്ടെന്നും ആബിദ് പറയുന്നു.

ഫിഫ്ത്ത് പാര്‍ക്ക് ഏരിയയില്‍ നിന്ന് രണ്ട് കുട്ടികള്‍ ഈ ചാലഞ്ച് ഏറ്റെടുത്ത് ഒളിച്ചിരിക്കാന്‍ കഴിഞ്ഞയാഴ്ച ശ്രമിച്ചെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെട്ടിരുന്നു. കുട്ടികളില്‍ ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും ആബിദിന്റെ പോസ്റ്റില്‍ പറയുന്നു. ഇത്തരത്തിലുള്ള 24 മണിക്കൂര്‍ ചാലഞ്ചുകളേക്കുറിച്ച് സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വലിയ സ്റ്റോറുകളിലും വെയര്‍ഹൗസുകളിലും രാത്രി മുഴുവന്‍ ഒളിച്ചിരിക്കാനുള്ള ചാലഞ്ചുകളാണ് ഇവ. എന്നാല്‍ ഇവ പലപ്പോഴും അപകടകരമാകാമെന്നും പോലീസ് പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.