ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ തണുത്ത് മരിച്ചു; അമ്മയും അമ്മാവനും പോലീസ് കസ്റ്റഡിയില്‍

ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ തണുത്ത് മരിച്ചു; അമ്മയും അമ്മാവനും പോലീസ് കസ്റ്റഡിയില്‍
December 01 17:02 2017 Print This Article

ബര്‍മിംഗ്ഹാമില്‍ ഏഴു വയസ്സുകാരന്‍ കടുത്ത തണുപ്പില്‍ മരവിച്ച് മരണത്തിനു കീഴടങ്ങി. ബര്‍മിംഗ്ഹാമിലെ നെഷേല്സ് കമ്മ്യൂണിറ്റി സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ ഹക്കീം ഹുസൈന്‍ (ഏഴ്) ആണ്  ദാരുണമായ രീതിയില്‍ മരണമടഞ്ഞത്.

ഞായറാഴ്ച രാവിലെ ഏഴു മുപ്പതിന് ആയിരുന്നു ഹക്കീമിനെ മരിച്ചനിലയില്‍ വീടിനു മുന്‍പിലെ ഗാര്‍ഡനില്‍ കണ്ടെത്തിയത്. കാലത്തെ ഏഴരയോടെ എമര്‍ജന്‍സി കാള്‍ ലഭിച്ചതനുസരിച്ച് ഹക്കീമിന്റെ വീട്ടിലെത്തിയ ആംബുലന്‍സ് സര്‍വീസുകാര്‍ ആണ് ഹക്കീമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക് സംഘം എത്തുന്നതിനും ഏറെ മുന്‍പ് തന്നെ ഹക്കീം മരണപ്പെട്ടിരുന്നതായ് വെസ്റ്റ് മിഡ് ലാണ്ട്സ് ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കടുത്ത തണുപ്പു മൂലം ശരീരോഷ്മാവ് കുറഞ്ഞ് ഹൈപോതെര്‍മിയ എന്ന അവസ്ഥ ഉണ്ടായതാണ് ഹക്കീമിന്റെ മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ശരീരോഷ്മാവ് ക്രമാതീതമായ് താഴ്ന്നതിനെ തുടര്‍ന്നുള്ള കാര്‍ഡിയാക് അറസ്റ്റ് മൂലമാണ് ഹക്കീം മരണത്തിനു കീഴടങ്ങിയത് എന്ന് കരുതപ്പെടുന്നു. ഹക്കീമിന്റെ മൃതദേഹം ഇന്നു പോസ്റ്റ്മോര്‍ട്ടം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാവുകയുള്ളു.

ഹക്കീം എങ്ങനെയാണു വീടിനു പുറത്തെ കൊടും തണുപ്പില്‍ ചെലവഴിക്കേണ്ടി വന്നത് എന്നത് വ്യക്തമല്ല. ഹക്കീമിന്റെ അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (56) താമസിച്ചിരുന്ന വീടിനു മുന്‍പിലാണ് സംഭവം നടന്നത്. ഹക്കീമിന്റെ അമ്മ ലോറ ഹീത്തും ഹക്കീമും രണ്ടാഴ്ച മുന്‍പാണ്‌ അമ്മാവന്റെ വീട്ടിലെത്തിയത്.   ഹക്കീമിന്റെ  മരണത്തിനു ഉത്തരവാദികള്‍ എന്ന നിലയില്‍ അമ്മയെയും അമ്മാവനെയും പോലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. മരണകാരണമായേക്കാവുന്ന രീതിയില്‍ കുട്ടിയെ അവഗണിച്ചു എന്നതാണ് ഇപ്പോള്‍ അവരുടെ പേരില്‍ ചാര്‍ജ്  ചെയ്തിരിക്കുന്ന കുറ്റം. കൂടുതല്‍ അന്വോഷനങ്ങള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തണമോ എന്ന് തീരുമാനിക്കുകയുള്ളൂ.

ഹക്കീമിന്റെ അമ്മ ലോറ സൂദ് (ഇടത്ത്), അമ്മയുടെ അമ്മാവന്‍ തിമോത്തി ബസ്ക് (വലത്)

പഠനത്തിലും കളിയിലും ഒക്കെ മിടുക്കനായിരുന്ന ഹക്കീമിന്റെ മരണം സഹപാഠികളെയും ബന്ധുക്കളെയും അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കൂട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്ന ഹക്കീമിന്റെ വേര്‍പാട്‌ മൂലം ക്ലാസ്സിലെ മറ്റ് കുട്ടികള്‍ക്ക് ഉണ്ടായ ആഘാതം കുറയ്കുന്നതിനായി കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി ഹക്കീം പഠിച്ചിരുന്ന നെയ്ഷേല്‍സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ ജുലി റൈറ്റ് അറിയിച്ചു.

മികച്ച ഭാവി ഉണ്ടായിരുന്ന മിടുക്കനായ കുട്ടിയായിരുന്നു ഹക്കീമെന്ന് ഹക്കീമിന്റെ ആന്‍റിയായ അരൂസ കൗസര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ മരണവാര്‍ത്ത അറിഞ്ഞ് ഹക്കീമിന്റെ പിതാവ് ആകെ തകര്‍ന്നിരിക്കുകയാണെന്നും അവന്‍റെ കളിചിരികള്‍ നിലച്ചെന്നു വിശ്വസിക്കാന്‍ പ്രയാസപ്പെടുന്നതായും ഇവര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ഒരാഴ്ച ആയിരുന്നു ഇംഗ്ലണ്ടില്‍ കടന്നു പോയത്. വരും ദിവസങ്ങളിലും കടുത്ത തണുപ്പ് തുടരാനും സാദ്ധ്യതയുണ്ട്.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles