ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.

കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.