ലണ്ടന്‍: ബ്രെന്‍ഡ് ഹെയില്‍ സുപ്രീം കോടതിയുടെ ആദ്യ വനിതാ പ്രസിഡന്റ് ആകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ സ്ഥിരീകരണം നല്‍കുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് മൂന്ന് ജഡ്ജിമാരുടെയും നിയമനം ഇതിനൊപ്പം ഉണ്ടാകും. അതില്‍ ഒരാളും വനിതയാണ്. 2009ലാണ് ലേഡി ഹെയില്‍ സുപ്രീം കോടതിയില്‍ എത്തിയത്. ഈ നിയമനങ്ങളോടെ സുപ്രീം കോടതിയിലെ 12 ജഡ്ജിമാരില്‍ 2 പേര്‍ വനിതകളാകും.

സുപ്രീം കോടതിയില്‍ വനിതാ ജഡ്ജിമാരില്ലാത്തത് കാര്യമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ജുഡീഷ്യറിയില്‍ പുരുഷ മേധവിത്വം മാത്രമല്ല വെളുത്ത വര്‍ഗ്ഗക്കാരുടെ മേധാവിത്വവും വിമര്‍ശന വിധേയമായിരുന്നു. ഇത്തരം കാര്യങ്ങളില്‍ ഹെയില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. 2015ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതിക്കെതിരെ ഫാമിലി ലോ വിദഗ്ദ്ധ കൂടിയായ ഇവര്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

വിരമിക്കല്‍ പ്രായം 75 ആയ ജഡ്ജുമാരില്‍ ഏറ്റവും അവസാനത്തെ തലമുറയുടെ പ്രതിനിധി കൂടിയാണ് ലേഡി ഹെയില്‍. 1995ല്‍ വിരമിക്കല്‍ പ്രായം 70 ആക്കി നിജപ്പെടുത്തിയിരുന്നു. യോര്‍ക്ക്ഷയറില്‍ 194ല്‍ ജനിച്ച ഇവര്‍ കേംബ്രിഡ്ജില്‍ നിന്നാണ് നിയമ ബിരുദം കരസ്ഥമാക്കിയത്. 1989ല്‍ ക്വീന്‍സ് കൗണ്‍സല്‍ ആയി നിയമിതയായ ഇവര്‍ 1994ലാണ് ഹൈക്കോടതിയില്‍ ജഡ്ജിയായത്.