ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ നിലവിലുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന് തുല്യമായ ഇളവുകള്‍ നല്‍കാനൊരുങ്ങി ബ്രിട്ടന്‍. ഭാവി ഇമിഗ്രേഷന്‍ നയങ്ങള്‍ ഇതനുസരിച്ചായിരിക്കുമെന്നാണ് സൂചന. ഇത് നടപ്പിലായാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബ്രിട്ടിനിലേക്ക് വിസ രഹിത യാത്രകള്‍ നടത്താന്‍ കഴിയും. ജൂണില്‍ നടക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിയില്‍ യുകെ നെഗോഷ്യേറ്റര്‍മാര്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്ന ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ മുന്നോട്ടു നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നും സൂചനയുണ്ട്.

യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ വന്‍തോതില്‍ ബ്രിട്ടനിലെത്താന്‍ ഈ നീക്കം വഴിതെളിക്കുമെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് അധികാരം നല്‍കാനും വ്യവസ്ഥയുണ്ട്. കടുത്ത ബ്രെക്‌സിറ്റ് വാദികളെ രോഷാകുലരാക്കുന്ന നീക്കമായിരിക്കും ഇതെന്നും വിലയിരുത്തപ്പെടുന്നു. 2016ലെ ഹിതപരിശോധനാഫലത്തെ വഞ്ചിക്കുന്ന നടപടിയായിരിക്കും ഫ്രീ മൂവ്‌മെന്റ് പോലെയുള്ള വിഷയങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ചെറിയ ഇളവ് പോലുമെന്ന നിലപാടുകാരാണ് ഇവര്‍. നിലപാടില്‍ വെള്ളം ചേര്‍ക്കുന്നുവെന്ന കാരണത്താല്‍ ബ്രെക്‌സിറ്റ് വാദിയായ ക്യാബിനറ്റ് മിനിസ്റ്റര്‍ ഡേവിഡ് ഡേവിസ് രാജിക്കൊരുങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ബെല്‍ഫാസ്റ്റില്‍ നിയമവിദഗ്ദ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വിവരങ്ങള്‍ ചോര്‍ന്നത്. അയര്‍ലന്‍ഡ് അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രങ്ങളേര്‍പ്പെടുത്താന്‍ തെരേസ മേയ് തയ്യാറായില്ലെങ്കില്‍ മറ്റിടങ്ങളില്‍ നിന്നുള്ള ജനങ്ങള്‍ സ്വതന്ത്രമായി പ്രവേശിക്കുന്നതിനെ തടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ കസ്റ്റംസ് യൂണിയനില്‍ തുടരാന്‍ ബ്രിട്ടനു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് കഴിഞ്ഞയാഴ്ചയുണ്ടായത്.