ലണ്ടന്‍: ബ്രെക്‌സിറ്റില്‍ രണ്ടാമതും ഹിതപരിശോധന വേണമെന്ന ആവശ്യത്തിന് പിന്തുണയേറുന്നു. ജനഹിതം വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തിനെ ഭൂരിപക്ഷവും പിന്തുണക്കുന്നതായി രാജ്യമൊട്ടാകെ നടത്തിയ സര്‍വേയില്‍ വ്യക്തമായെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിഎമ്മുമായി ചേര്‍ന്ന് നടത്തിയ സര്‍വേയില്‍ 58 ശതമാനം ആളുകള്‍ ഒരു രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നതായി വ്യക്തമായി. ബ്രെക്‌സിറ്റ് ധാരണാ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ജനാഭിപ്രായം ഈ വിധത്തില്‍ തിരിഞ്ഞിരിക്കുന്നതെന്നാണ് ശ്രദ്ധേയം. 34 ശതമാനം മാത്രമാണ് രണ്ടാം ഹിതപരിശോധന വേണ്ടെന്ന അഭിപ്രായം പ്രകടിപ്പിച്ചത്.

യൂണിയന്‍ വിടണമെന്ന് ഹിതപരിശോധനയില്‍ വ്യക്തമാക്കിയവരില്‍ വലിയൊരു ഭാഗം ഇപ്പോള്‍ തങ്ങളുടെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടു പോയതായാണ് സര്‍വേ വ്യക്തമാക്കുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുപോകുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് 43 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. വളരെ ചെറിയ ശതമാനം മാത്രമേ ബ്രിട്ടീഷ് ജീവിത സാഹചര്യങ്ങളെ ബ്രെക്‌സിറ്റ് പിന്നോട്ടടിക്കുമെന്ന് വിശ്വസിക്കുന്നുള്ളു. ലേബര്‍ പാര്‍ട്ടിയിലെ ലീവ് പക്ഷക്കാര്‍ അഭിപ്രായം മാറിയെന്നാണ് സര്‍വേ പറയുന്നത്. പാര്‍ട്ടിയില്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്ന 9 ശതമാനം പേര്‍ ഇപ്പോള്‍ എതിരഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.

രണ്ടാം ഹിതപരിശോധനയെ അനുകൂലിക്കുന്നവരുടെ എണ്ണവും പാര്‍ട്ടിക്കുള്ളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. മുമ്പത്തേതിനേക്കാള്‍ 17 ശതമാനം അധികം യുവാക്കള്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നു. സ്‌കോട്ട്‌ലന്‍ഡ് ജനത യൂണിയനില്‍ തുടരണമെന്ന അഭിപ്രായത്തില്‍ കൂടുതല്‍ ശക്തമായി വോട്ട് ചെയ്തു. അതേസമയം വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ് പോലെയുള്ള പ്രദേശങ്ങള്‍ എന്നിവ ലീവ് അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ്.