ലണ്ടന്‍: ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിദേശരാജ്യങ്ങളില്‍ ഇപ്പോള്‍ ലഭ്യമായി വരുന്ന സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ബ്രെക്‌സിറ്റോടെ ഇല്ലാതാകുമെന്ന് എംപിമാരുടെ മുന്നറിയിപ്പ്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭിക്കുന്നത്. ബ്രെകസിറ്റ് നടപടികള്‍ പൂര്‍ണ്ണമായാല്‍ ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കണമെങ്കില്‍ ചെലവേറിയ പ്രൈവറ്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പദ്ധതികളില്‍ ചേരേണ്ടി വരും. ഹൗസ് ഓഫ് കോമണ്‍സ് ഹെല്‍ത്ത് സെലക്റ്റ് കമ്മിറ്റിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.

യൂറോപ്യന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതിയനുസരിച്ചാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത്. ചികിത്സ നല്‍കുന്ന രാജ്യങ്ങള്‍ക്ക് രോഗിക്ക് പൗരത്വമുള്ള രാജ്യത്തു നിന്ന് ചികിത്സയ്ക്ക് ചെലവായ പണം ലഭിക്കുകയും ചെയ്യും. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതോടെ ഈ സൗകര്യവും സ്വാഭാവികമായി ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് നഷ്ടമാകും. എന്നാല്‍ ആരോഗ്യപരിപാലനരംഗത്തെ ഇത്തരം സൗകര്യങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഉണ്ടാകണമെന്ന നിര്‍ദേശമാണ് ഉയരുന്നത്.

വിദേശത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാരില്‍ ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെലവേറിയ പ്രൈവറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇവര്‍ക്ക് എടുക്കേണ്ടതായി വരും. രോഗചികിത്സക്കായി വിദേശത്തുള്ള ബ്രിട്ടീഷ് പൗരന്‍മാര്‍ രാജ്യത്തേക്ക് തിരിച്ചു വരുന്ന അവസ്ഥയും ഉണ്ടാകും. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ബ്രിട്ടനില്‍ എത്തണമെങ്കിലും ഇതേ സാഹചര്യങ്ങള്‍ നേരിടേണ്ടതായി വരുമെന്നതിനാല്‍ ബ്രിട്ടന്റെ ടൂറിസം വ്യവസായത്തെയും ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.