ലണ്ടന്‍: ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഡ്രാഫ്റ്റ് എഗ്രിമെന്റിന് കാബിനെറ്റിന്റെ അംഗീകാരം. 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് കാബിനെറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. തെരെസാ മെയ് നേരിട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. അതേസമയം ബ്രക്‌സിറ്റുമായി മുന്നോട്ട് പോകണമെങ്കില്‍ പാര്‍ലമെന്റിനെക്കൂടി പ്രധാനമന്ത്രിക്ക് മറികടക്കേണ്ടി വരും. വിഷയം പാര്‍ലമെന്റിലെത്തിയാല്‍ ചൂടേറിയ സംവാദങ്ങളുണ്ടാകുമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ഡ്രാഫ്റ്റ് എഗ്രിമെന്റിന് കാബിനെറ്റ് അംഗീകാരം നല്‍കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിസിനസ് ലീഡേഴ്‌സ് രംഗത്ത് വന്നു. കാബിനെറ്റിലെ തീരുമാനം മാര്‍ക്കറ്റുകളിലും പ്രതിഫലിക്കുമെന്നാണ് സൂചന.

തെരേസ മെയ് സംബന്ധിച്ചടത്തോളം പാര്‍ലമെന്റ് എന്ന കടമ്പ മറികടക്കുക വലിയ പ്രയാസമുള്ളതായിരിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ വിഷയത്തില്‍ വലിയ ചര്‍ച്ചകളുണ്ടായാലും അനുകൂലമായ നിലപാടായിരിക്കും പാര്‍ലമെന്റും സ്വീകരിക്കുകയെന്നാണ് ഭരണപക്ഷത്തിന്റെ പ്രതീക്ഷ. കാബിനെറ്റ് തീരുമാനം പുറത്തുവന്നതോടെ മാര്‍ക്കറ്റിലുണ്ടായിരിക്കുന്ന ചലനങ്ങള്‍ തെരേസ മെയ്‌യുടെ നീക്കങ്ങളെ സാധൂകരിക്കുന്നതാണ്. ദി കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രി തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. കാബിനെറ്റില്‍ ഏതാണ്ട് 5 മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് അനുകൂലമായ നിലപാടുണ്ടായത്. സമാന സ്ഥിതിയായിരിക്കും പാര്‍ലമെന്റിലും.

585 പേജുള്ള ഡ്രാഫ്റ്റ് യു.കെയുടെ സമ്പത്ഘടനയ്ക്കും രാജ്യത്തിനാകെയും ഗുണപ്രദമാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എന്നാല്‍ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലേബര്‍ നേതാവ് ജെറമി കോര്‍ബന്‍ എഗ്രിമെന്റിനെതിരെ രൂക്ഷവിമര്‍ശമാണ് ഉന്നയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള താല്‍പ്പര്യങ്ങളെ സംരക്ഷിക്കാനുള്ള ശേഷിയുള്ളതല്ല പുതിയ എഗ്രിമെന്റെന്നും വിഷയത്തില്‍ പാര്‍ട്ടിയുടെ നിലപാട് ഇന്ന് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലേബര്‍ പാര്‍ട്ടി എഗ്രിമെന്റിന് അനുകൂലമായി വോട്ട് ചെയ്യില്ലെന്നാണ് ജെറമി കോര്‍ബന്റെ വാക്കുകളില്‍ നിന്നും ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ തെരേസ മെയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും.