നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര തുടര്‍ന്നും അനുവദിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍. 90 ദിവസത്തേക്കാണ് വിസയില്ലാതെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് യാത്ര അനുവദിക്കുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശത്തില്‍ ജിബ്രാള്‍ട്ടറിനെ ഒരു കോളനിയായി കണക്കാക്കുന്നത് യുകെ ഒഫീഷ്യലുകളുമായി തര്‍ക്കത്തിനും കാരണമായി. ബ്രെക്‌സിറ്റ് നടപ്പാകുന്ന മാര്‍ച്ച് 29ന് ശേഷം യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസയില്ലാതെ ചെറിയ കാലയളവില്‍ യുകെയില്‍ തങ്ങാന്‍ കഴിയുമെന്ന് ബ്രിട്ടന്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഷെങ്കന്‍ മേഖലയില്‍ ഹ്രസ്വകാല സന്ദര്‍ശനത്തിന് എത്തുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംബാസഡര്‍മാര്‍ അനുവാദം നല്‍കിയതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഈ നിര്‍ദേശത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ അംബാസഡര്‍മാര്‍ കൗണ്‍സില്‍ പ്രസിഡന്‍സിയെ ചുമതലപ്പെടുത്തുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങള്‍ അനുസരിച്ച് വിസ ഇളവുകള്‍ അനുവദിക്കുന്നത് പരസ്പരമായിരിക്കണം. യുകെ ഗവണ്‍മെന്റ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് വിസ രഹിത യാത്ര അനുവദിക്കുന്നതിനാല്‍ യൂറോപ്യന്‍ യൂണിയനും അത് അനുവദിക്കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങളൊന്നും ഇല്ല. ഭാവിയില്‍ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് യുകെ വിസ നിര്‍ബന്ധമാക്കിയാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ലഭിക്കുന്ന ഇളവ് ഇല്ലാതാകുമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

അതേസമയം ബ്രിട്ടനിലും ബ്രിട്ടീഷ് പ്രവിശ്യയായ ജിബ്രാള്‍ട്ടറിലുമുള്ളവര്‍ക്ക് വ്യത്യസ്ത നയങ്ങളാണ് പുതിയ റെഗുലേഷന്‍ നിര്‍ദേശിക്കുന്നത്. ജിബ്രാള്‍ട്ടര്‍ നിലവില്‍ യൂറോപ്യന്‍ യൂണിയനിലാണ് ഉള്ളത്. ബ്രിട്ടന്റെ കോളനിയാണ് ജിബ്രാള്‍ട്ടര്‍ എന്ന് റെഗുലേഷന്റെ ഫുട്ട്‌നോട്ടില്‍ സൂചിപ്പിച്ചത് അല്‍പനേരം തര്‍ക്കങ്ങള്‍ക്ക് കാരണമായി. ജിബ്രാള്‍ട്ടറിന്‍മേലുള്ള അധികാരം സംബന്ധിച്ച് യുകെയും സ്‌പെയിനും തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. റെഗുലേഷനില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത് സംബന്ധിച്ച് അംബാസഡര്‍മാരുടെ യോഗത്തില്‍ ബ്രിട്ടീഷ് പ്രതിനിധി എതിര്‍പ്പ് അറിയിച്ചുവെന്നാണ് വിവരം.