ലണ്ടന്‍: ആര്‍ട്ടിക്കിള്‍ 50 ബ്രെക്‌സിറ്റ് ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ അംഗീകാരം. ഡിലേ നീക്കത്തിന് അംഗീകാരം ലഭിച്ചതോടെ മെയ് 22 വരെ ബ്രെക്‌സിറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് സമയം ലഭിക്കും. അതേസമയം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഡിലേ പദ്ധതിക്ക് അംഗീകാരം നല്‍കിയത് പ്രതിഷേധത്തിന് ഇടയാക്കാന്‍ സാധ്യതയുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടക്കില്ലെന്ന് വ്യക്തമായതോടെ ലോറി ഡ്രൈവര്‍മാരെ ഉപയോഗിച്ച് യു.കെയിലെ പ്രധാന ഹൈവേകളില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കാനൊരുങ്ങുകയാണ് ബ്രെക്സിറ്റ് അനുകൂല സംഘടന. സോഷ്യല്‍ മീഡിയ വഴി നേരത്തെ ബ്രെക്‌സിറ്റ് അനുകൂലികള്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡിലേ പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയതോടെ റോഡ് തടയല്‍ സമരം നാളെ ആരംഭിക്കുമെന്നാണ് കരുതുന്നത്.

ബ്രെക്‌സിറ്റ് നടപ്പായില്ലെങ്കില്‍ അത് വഞ്ചനയാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ബ്രെക്‌സിറ്റ് ഡയറക്ട് ആക്ഷന്‍ എന്ന ഗ്രൂപ്പാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. ബ്രിട്ടന്റെ പ്രധാന ഹൈവേകള്‍ എല്ലാം തന്നെ ലോറികള്‍ ഉപയോഗിച്ച് തടയാനാണ് പദ്ധതി. ബ്രെക്‌സിറ്റ് ഇല്ലാതാക്കാനോ തടയാനോ ശ്രമിക്കുന്നവര്‍ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഈ നടപടിയെന്ന് സംഘടന വ്യക്തമാക്കുന്നു. അതേസമയം മൂന്നാം തവണ ബ്രെക്‌സിറ്റ് പോളിസി വോട്ടിനെത്തുമ്പോള്‍ യു.കെയിലെ എം.പിമാര്‍ക്ക് കൃത്യമായ തീരുമാനം എടുക്കാനുള്ള സമയം കൂടിയാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിച്ച് രാജ്യത്തിന് അനുകൂലമായി ഒരു ബ്രെക്‌സിറ്റിനായി താന്‍ കഠിന ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് മേയ് വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് ഡിലേയിലേക്ക് നീങ്ങിയതിന് പിന്നില്‍ എംപിമാരാണെന്ന് ഇന്നലെ രാത്രി നടത്തിയ പ്രഭാഷണത്തില്‍ മേയ് കുറ്റപ്പെടുത്തിയിരുന്നു. മൂന്നാമതും ബ്രെക്‌സിറ്റ് പാര്‍ലമെന്റിലെത്തിയാല്‍ വിമത എം.പിമാരെ ഒപ്പം നിര്‍ത്താന്‍ കഴിയിഞ്ഞില്ലെങ്കില്‍ വീണ്ടുമൊരു പരാജയത്തിന് കൂടി മേയ് സര്‍ക്കാര്‍ സാക്ഷിയാകേണ്ടി വരും. കൃത്യമായ ഡീലോടു കൂടി യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള എല്ലാ ശ്രമങ്ങളും താന്‍ നടത്തുന്നുണ്ടെന്നും രാജ്യത്തിന്റെ മുന്നോട്ടു പോക്കിന് ആവശ്യമായ എല്ലാ കാര്യങ്ങളും കഴിവിന്റെ പരാമവധി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും മേയ് പറഞ്ഞു.