ബ്രെക്‌സിറ്റ് രാജ്യത്തുണ്ടാക്കിയ ആഴമേറിയ മുറിവുകള്‍ ഇല്ലാതാക്കാന്‍ പൊതു തെരഞ്ഞെടുപ്പാണ് ഏക മാര്‍ഗ്ഗമെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. അധികാരത്തിലെത്തിയാല്‍ യൂറോപ്യന്‍ യൂണിയനുമായി ഗുണകരമായ ഒരു ഉടമ്പടി സാധ്യമാക്കാന്‍ ലേബര്‍ ശ്രമിക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു. ബ്രെക്‌സിറ്റ് കുരുക്ക് അഴിക്കാന്‍ ഒരു പൊതുതെരഞ്ഞെടുപ്പിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്താനും ലേബര്‍ പദ്ധതിയിടുന്നുണ്ട്. ബ്രസല്‍സുമായി വീണ്ടും ചര്‍ച്ച നടത്താനും രാജ്യത്തിന് അനുഗുണമായ ഒരു ബ്രെക്‌സിറ്റ് ഉടമ്പടി സൃഷ്ടിച്ച് അതിന് പാര്‍ലെമന്റിന്റെയും ജനങ്ങളുടെയും അംഗീകാരം വാങ്ങാനും പുതിയൊരു ഗവണ്‍മെന്റിനേ സാധിക്കൂ എന്നും കോര്‍ബിന്‍ പറഞ്ഞു. അടുത്തയാഴ്ച പാര്‍ലമെന്റില്‍ വീണ്ടും ചര്‍ച്ചക്കു വരുന്ന ബ്രെക്‌സിറ്റ് ബില്ലിനെ വോട്ട് ചെയ്ത് പരാജയപ്പെടുത്തുമെന്ന ലേബര്‍ നിലപാട് കോര്‍ബിന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് ടോറി ബാക്ക്‌ബെഞ്ചര്‍മാരും പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പാര്‍ലമെന്റില്‍ ഇത് പരാജയപ്പെടുമെന്നത് ഉറപ്പാണ്.

ബ്രെക്‌സിറ്റില്‍ കോര്‍ബിന്റെ നിലപാടു സംബന്ധിച്ച് ലേബറിനുള്ളില്‍ കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ അഭിപ്രായ പ്രകടനവുമായി ലേബര്‍ നേതാവ് എത്തിയിട്ടുള്ളത്. ഒരു തെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യമുണ്ടായാല്‍ തന്റെ നിലപാടുകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെക്കണമെന്ന് കോര്‍ബിനോട് ലേബര്‍ ആവശ്യപ്പെടുമെന്ന് പാര്‍ട്ടി വക്താവ് പറഞ്ഞിരുന്നു. ആര്‍ട്ടിക്കിള്‍ 50 ദീര്‍ഘിപ്പിക്കുന്നത് അത്യാവശ്യമായേക്കുമെന്ന് ഷാഡോ ബ്രെക്‌സിറ്റ് സെക്രട്ടറി സര്‍ കെയിര്‍ സ്റ്റാമറും പറഞ്ഞിരുന്നു. ബ്രെക്‌സിറ്റ് ബില്‍ പാസാക്കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടതെന്നും ഇന്ന് നടത്താനിരിക്കുന്ന പ്രസംഗത്തില്‍ കോര്‍ബിന്‍ പറയും. കോമണ്‍സില്‍ ഒരു സുപ്രധാന കാര്യം പാസാക്കിയെടുക്കാന്‍ കഴിയാത്ത സംവിധാനത്തെ ഗവണ്‍മെന്റ് എന്ന് വിളിക്കാനാകില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കും.

അതിനാല്‍, ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ അത്ര ആത്മവിശ്വാസമുണ്ടെങ്കില്‍ തെരേസ മേയ് രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണം. ബാക്കി ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നാണ് കോര്‍ബിന്റെ അഭിപ്രായം. ഇപ്പോളുണ്ടായിരിക്കുന്ന കുരുക്ക് അഴിക്കാന്‍ തെരഞ്ഞെടുപ്പ് തന്നെയാണ് ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗം. ജനാധിപത്യപരമായും ഇതു തന്നെയാണ് മുന്നിലുള്ള മാര്‍ഗ്ഗമെന്നും കോര്‍ബിന്‍ പറയുന്നു.