ബ്രെക്‌സിറ്റില്‍ ആടിയുലയുന്ന തെരേസ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ മേയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ബ്രെക്‌സിറ്റ് ധാരണയില്‍ ജനുവരി 14 വരെ കോമണ്‍സില്‍ വോട്ടെടുപ്പുണ്ടാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് പുതിയ നീക്കം. ഇത്തരത്തില്‍ സുപ്രധാനമായ ഒരു വിഷയത്തില്‍ ഒരു മാസം വോട്ടെടുപ്പിന് കാത്തു നില്‍ക്കണമെന്ന നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോര്‍ബിന്‍ പറഞ്ഞു. തെരേസ മേയ് യുകെയെ ഒരു ദേശീയ പ്രതിസന്ധിയിലേക്കാണ് കൊണ്ടെത്തിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നിസാരമായ രാഷ്ട്രീയ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കാന്‍ സര്‍ക്കാരിന് സമയമില്ല എന്നായിരുന്നു ഇതേപ്പറ്റി നമ്പര്‍ 10 വൃത്തങ്ങള്‍ പ്രതികരിച്ചത്.

ബ്രെക്‌സിറ്റ് ഡീലില്‍ അര്‍ത്ഥവത്തായ ഒരു വോട്ടെടുപ്പിന് കോമണ്‍സില്‍ അവസരമൊരുക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും അതിനാല്‍ എംപിമാര്‍ പ്രധാനമന്ത്രിയിലുള്ള അവിശ്വാസം രേഖപ്പെടുത്തണമെന്നും കോര്‍ബിന്‍ ആവശ്യപ്പെട്ടു. അവിശ്വാസം പ്രധാനമന്ത്രിക്കെതിരെ മാത്രമാണ്. ഇത് സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മേയെ സംബന്ധിച്ച് പ്രമേയം ആശങ്കയ്ക്ക് വകയുള്ളതാണെങ്കിലും ഇതിന്‍മേല്‍ ചര്‍ച്ചയ്ക്ക് മന്ത്രിമാര്‍ സമയം അനുവദിക്കാന്‍ ഇടയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സര്‍ക്കാരിനെതിരെ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യം ലേബറിനുണ്ടോ എന്ന വെല്ലുവിളിയാണ് ഈ നിസ്സാരവത്കരണത്തിലൂടെ ഭരണപക്ഷം നടത്തുന്നതെന്ന് ബിബിസിയുടെ പൊളിറ്റിക്കല്‍ എഡിറ്റര്‍ ലോറ ക്യൂന്‍സ്‌ബെര്‍ഗ് പറഞ്ഞു.

സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ അത് ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക് നയിച്ചേക്കാമെന്നാണ് കരുതുന്നത്. പാര്‍ലമെന്റംഗങ്ങളില്‍ വലിയൊരു ഭൂരിപക്ഷം തെരേസ മേയ്ക്ക് എതിരെയാണ് നിലകൊള്ളുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പോലും ഇവരുടെ നേതൃത്വത്തിനെതിരെ എംപിമാര്‍ നിലകൊള്ളുന്നതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ മേയ് ജയിക്കാനുള്ള സാധ്യതകളും വിരളമാണ്.