ബ്രെക്‌സിറ്റില്‍ നിയമപരമായി രണ്ടാം ഹിതപരിശോധ വേണ്ടിവരുമോ? 2011ല്‍ കാമറൂണ്‍ അവതരിപ്പിച്ച റഫറണ്ടം ലോക്ക് അനുസരിച്ച് ഹിതപരിശോധന വീണ്ടും നടത്തേണ്ടിവരുമെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍

ബ്രെക്‌സിറ്റില്‍ നിയമപരമായി രണ്ടാം ഹിതപരിശോധ വേണ്ടിവരുമോ? 2011ല്‍ കാമറൂണ്‍ അവതരിപ്പിച്ച റഫറണ്ടം ലോക്ക് അനുസരിച്ച് ഹിതപരിശോധന വീണ്ടും നടത്തേണ്ടിവരുമെന്ന് ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍
March 13 06:20 2018 Print This Article

ലണ്ടന്‍: ബ്രെക്‌സിറ്റിനെതിരായ നിയമപോരാട്ടത്തില്‍ ഡേവിഡ് കാമറൂണ്‍ നടപ്പാക്കിയ നയം ആയുധമാക്കാനൊരുങ്ങി ബ്രെക്‌സിറ്റ് വിരുദ്ധ ഗ്രൂപ്പ്. 2011ല്‍ കാമറൂണ്‍ അവതരിപ്പിച്ച റഫറണ്ടം ലോക്ക് അനു സരിച്ച് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ പൊതുജനത്തിന്റെ അഭിപ്രായം തേടണം. അതനുസരിച്ച് ബ്രെക്‌സിറ്റ് നടപടികള്‍ മുന്നോട്ടു നീങ്ങണമെങ്കില്‍ രണ്ടാമത് ഒരു ഹിതപരിശോധന കൂടി നടത്തേണ്ടിവരുമെന്നാണ് ബ്രെക്‌സിറ്റ് വിരുദ്ധ ഗ്രൂപ്പായ ബെസ്റ്റ് ഫോര്‍ ബ്രിട്ടന്‍ വാദിക്കുന്നത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലും ഇത് ബാധകമായിരിക്കുമെന്ന് സംഘടന വ്യക്തമാക്കുന്നു.

ബ്രെക്‌സിറ്റ് പരിവര്‍ത്തന കാലഘട്ടമെന്നത് ബ്രസല്‍സിന് വന്‍ തോതില്‍ അധികാരങ്ങള്‍ നല്‍കുന്ന നടപടിയാണെന്നും രണ്ടാമതൊരു ഹിതപരിശോധനയില്ലാതെ ചര്‍കള്‍ നടത്തുന്നത് നിയമവിരുദ്ധമായിരിക്കുമെന്നുമാണ് സംഘടന പറയുന്നത്. ബ്രെക്‌സിറ്റ് നടപടികളും നിലവിലുള്ള നിയമവും തമ്മിലുള്ള ഈ വൈരുദ്ധ്യം ഒരു സുപ്രധാന ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് അറ്റോര്‍ണി ജനറലായ ഡൊമിനിക് ഗ്രീവ് പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള തന്ത്രപരമായ നയവ്യതിയാനങ്ങള്‍ക്ക് പൊതുജനാഭിപ്രായം അറിയണമെന്നാണ് 2011ലെ ആക്ട് പറയുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളും പിന്‍മാറ്റ നടപടികളും നമ്മുടെ ഭരണഘടനയില്‍ കാര്യമായ ചലനങ്ങള്‍ ഉളവാക്കുമെന്നത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ അനുകൂലികള്‍ക്കും ശക്തി പകരുന്ന ഒരു ഭരണഘടനാ പ്രശ്‌നമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ചര്‍ച്ചകളില്‍ തെരേസ മേയ് സ്വീകരിച്ചിരിക്കുന്ന സമീപനങ്ങളില്‍ വീണ്ടും ജനഹിതം തേടണമെന്ന അഭിപ്രായത്തിന് നിയമത്തിന്റെ പിന്തുണ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇവര്‍. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ യൂറോപ്പ് അനുകൂലികളെ ശാന്തരാക്കുന്നതിനായി കാമറൂണ്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ബ്രെക്‌സിറ്റ് അനുകൂലികളെ പ്രഹരിക്കാനുള്ള വടിയായി മാറിയിരിക്കുകയാണെന്ന് വിലയിരുത്തപ്പെടുന്നു. പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ പിന്‍മാറ്റ ബില്‍ 2011ലെ നിയമത്തെ അസാധുവാക്കുമെങ്കിലും അത് പാസാകുന്നത് വരെ നിയമപ്പോരാട്ടം തുടരാന്‍ ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്ക് കഴിയുമെന്നും നിരീക്ഷിക്കപ്പെടുന്നു.

  Article "tagged" as:
  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles