ലണ്ടൻ : ബ്രെക്സിറ്റ്‌ നടത്തിയെടുക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞ തീയതി അടുത്തുവരികയാണ്. ഒക്ടോബർ 31ന് ഒരു കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിക്കുകയാണെങ്കിൽ അതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കും. എങ്ങനൊക്കെയാണ് കരാർ രഹിത ബ്രെക്സിറ്റ്‌ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുക, ഇതാ ഏറ്റവും പ്രധാനപ്പെട്ട പത്തു കാര്യങ്ങൾ :-

1) ഭക്ഷ്യക്ഷാമം ഉണ്ടായേക്കാം – വിലകയറ്റം രൂക്ഷമാകും
നമ്മുടെ ഭക്ഷണത്തിന്റെ 30% നിലവിൽ യൂറോപ്യൻ യൂണിയനിൽ നിന്നാണ് എത്തുന്നത്. ബ്രെക്സിറ്റ്‌ നടന്നാൽ പച്ചക്കറികളും പഴങ്ങളും പോലെയുള്ള ചില ഭക്ഷണസാധനങ്ങൾ ലഭിക്കാതെയാവും. ഇത് വലിയ വിലകയറ്റത്തിലേക്കാവും നയിക്കുക. വരുമാനം കുറവുള്ള കുടുംബങ്ങളെയാവും ഇത് ഏറ്റവും അധികമായി ബാധിക്കുക. ഇറക്കുമതി നികുതി വർധിക്കുന്നതോടൊപ്പം ഗതാഗത കാലതാമസവും ഉണ്ടാകും. ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ലഭ്യമായ സാധനങ്ങൾ എല്ലാം ജനങ്ങൾ നേരത്തെ തന്നെ വാങ്ങിവെക്കുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. കരാർ രഹിത ബ്രെക്സിറ്റ്‌ മൂലം ക്രെഡിറ്റ്‌, ഡെബിറ്റ് കാർഡ് ചാർജുകളും വർധിക്കും.

2) നിങ്ങളുടെ യാത്രയ്ക്ക് തടസ്സം നേരിട്ടേക്കാം !
ബ്രെക്സിറ്റിനുശേഷം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആവശ്യമായ രേഖകൾ എല്ലാം കിറുകൃത്യം ആയിരിക്കണം. മറ്റു രാജ്യങ്ങളിലേക്ക് ഡ്രൈവ് ചെയ്യണമെങ്കിൽ ചില അധിക രേഖകൾ ഇനി ആവശ്യമായി വരും. ഗ്രീൻ കാർഡ്, ജിബി സ്റ്റിക്കർ, അന്തർദേശീയ ഡ്രൈവിംഗ് പെർമിറ്റ്‌ എന്നിവ ആവശ്യമായി വരും. അതിർത്തി നിയന്ത്രണം ഉണ്ടാവും. യൂറോപ്യൻ ഹെൽത്ത്‌ ഇൻഷുറൻസ് കാർഡും ഇല്ലാതെയാകും. ഇതൊക്കെ പ്രധാന പ്രശ്നങ്ങളായി നിലകൊള്ളുന്നവയാണ്.

3) ആരോഗ്യമേഖല പ്രതിസന്ധിയിലാവും
യൂറോപ്യൻ യൂണിയനിൽ നിന്നാണ് ഇപ്പോൾ പല മരുന്നുകളും ലഭിക്കുന്നത്. കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ അതിനൊപ്പം മരുന്നുക്ഷാമവും ഉണ്ടായേക്കാം. പല മരുന്നുകളും ലഭിക്കുന്നില്ലെന്ന് റോയൽ ഫാർമസ്യൂട്ടിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്ന് ക്ഷാമം ഉണ്ടാവാതിരിക്കാനായി സർക്കാർ 434 മില്യൺ പൗണ്ട് നീക്കിവെച്ചിട്ടുണ്ട്. എൻഎച്ച്എസും വളരെ വലിയ പരിശ്രമം നടത്തുന്നുണ്ട്.

4) യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പാർക്കുന്ന യുകെ പൗരന്മാർക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം :-
27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലായി 1.3 മില്യൺ യുകെ പൗരത്വമുള്ളവർ പാർക്കുന്നുണ്ട്. ബ്രെക്സിറ്റിനുശേഷം അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെങ്കിലും ചില മാറ്റങ്ങൾ ഉണ്ടായേക്കാം. യുകെ പൗരന്മാർക്ക് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ആരോഗ്യ പരിരക്ഷ ലഭ്യമാകുന്നുണ്ടെങ്കിലും ഇത് ഓരോ രാജ്യത്തിന്റെ സ്വതന്ത്ര തീരുമാനത്തെ ആശ്രയിച്ചിരിക്കും. ആരോഗ്യ സംരക്ഷണ അവകാശങ്ങൾ നിലനിർത്തുന്നതിനായി യുകെ സർക്കാർ ശ്രമിക്കുന്നുണ്ട്. യുകെ സർക്കാരിന്റെ പെൻഷൻ മുടക്കമില്ലാതെ തുടരുന്നതോടൊപ്പം നികുതിയിലും മാറ്റങ്ങൾ ഉണ്ടാവില്ല

5) യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർ ‘സെറ്റിൽഡ് സ്റ്റാറ്റസിനായി’ അപേക്ഷിക്കണം
യുകെയിൽ താമസിക്കുന്ന 3.7 മില്യൺ യൂറോപ്യൻ യൂണിയൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് നോർവെ, ഐസ്‌ലാൻഡ്, ലിചെൻസ്റ്റൈൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളുമായി ഒരു കരാർ മുഖേന സർക്കാർ ധാരണയിലെത്തിയിട്ടുണ്ട്. യുകെയിലെ യൂറോപ്യൻ യൂണിയൻ പൗരന്മാർ സെറ്റിൽഡ് സ്റ്റാറ്റസിനായി അപേക്ഷിക്കേണ്ടതുണ്ട്.

6) സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ചിലവേറും
ബ്രെക്സിറ്റ്‌ നടപ്പായാൽ ചരക്കുകളുടെ സ്വതന്ത്ര ചലനം അവസാനിക്കും. യൂറോപ്യൻ യൂണിയനിൽ നിന്ന് ചരക്കുകൾ ഇറക്കുമതി ചെയ്യുന്നത് കൂടുതൽ ചിലവേറിയ കാര്യമാവും. കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ പുതിയ താരിഫ് സംവിധാനം രൂപപ്പെടും. ചരക്കുകൾക്ക് നികുതി ഏർപ്പെടുത്താനും സർക്കാർ പദ്ധതി ഇട്ടിട്ടുണ്ട്.

7) വീടിന്റെ വിലയെ ബാധിക്കും!
ഭവന വിപണിക്ക് വൻ തിരിച്ചടിയായി ബ്രെക്സിറ്റ്‌ മാറും. നാഷണൽ വൈഡിന്റെ കണക്കുകൾ പ്രകാരം മെയ് മുതൽ തുടർച്ചയായ 6 മാസത്തേക്ക് വാർഷിക ഭവന വില വളർച്ച ഒരു ശതമാനത്തിൽ താഴെയാണ്. വീട് വാങ്ങാനും വിൽക്കാനും പ്രയാസം ഉണ്ടാകും.

8) മൊബൈൽ ഫോൺ റോമിംഗ് നിരക്കുകൾ ഉയരും
കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിക്കുകയാണെങ്കിൽ യൂറോപ്യൻ യൂണിയനിൽ റോമിംഗ് നിരക്കുകൾ വർധിക്കും. റോമിംഗ് സേവനങ്ങൾ നൽകുന്നതിന് യുകെ ഓപ്പറേറ്റർമാരിൽ നിന്ന് യൂറോപ്യൻ യൂണിയൻ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഈടാക്കാൻ കഴിയുന്ന തുകയ്ക്ക് ഇനി നിയന്ത്രണം ഉണ്ടാവില്ല. എന്നാൽ സേവനങ്ങൾക്ക് മാറ്റം വരുത്താൻ ഇപ്പോൾ പദ്ധതിയില്ലെന്ന് ചില ഓപ്പറേറ്റർമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

9) ചരക്ക് സേവനങ്ങളിൽ താമസം ഉണ്ടാവും
കരാർ രഹിത ബ്രെക്സിറ്റോടെ കെന്റിൽ, ചരക്ക് ഗതാഗതം തടസപ്പെടുമെന്ന് മുൻ ഗതാഗത സെക്രട്ടറി ക്രിസ് ഗ്രെലിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ അതിർത്തി, കസ്റ്റംസ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി കൂടുതൽ ഫണ്ട്‌ ചിലവഴിക്കുമെന്ന് സർക്കാർ പറഞ്ഞു. കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിച്ചാൽ ഓപ്പറേഷൻ ബ്രോക്ക് എന്നറിയപ്പെടുന്ന ഒരു ട്രാഫിക് മാനേജ്മെന്റ് സംവിധാനം നിലവിൽ വരും.

10) വിദ്യാർത്ഥികൾ പ്രതിസന്ധിയിലാവും:-
കരാർ രഹിത ബ്രെക്സിറ്റ്‌ സംഭവിച്ചാൽ യുകെയിലെ യൂറോപ്യൻ യൂണിയൻ വിദ്യാർത്ഥികൾക്കും യൂറോപ്യൻ യൂണിയനിലെ യുകെ വിദ്യാർത്ഥികൾക്കും അനിശ്ചിതത്വം നിറഞ്ഞ ഒരു കാലഘട്ടം നേരിടേണ്ടതായി വരും.എറാസ്മസ് സ്റ്റുഡന്റ് എക്സ്ചേഞ്ച്‌ പ്രോഗ്രാമിന്റെ ഭാഗമായി 16000 ബ്രിട്ടീഷ് വിദ്യാർത്ഥികൾക്ക് നിയമനം ലഭിച്ചിരുന്നു. ഇതിന് സർക്കാരിന്റെ ധനസഹായവുമുണ്ട്. ഒരു കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ അടുത്ത അധ്യയന വർഷത്തിലെ എക്സ്ചേഞ്ച് പ്രോഗ്രാമിൽ പങ്കെടുക്കാൻ യുകെയ്ക്ക് യൂറോപ്യൻ യൂണിയന്റെ കരാർ ആവശ്യമായി വരും.

ഈ കാര്യങ്ങൾ കൂടാതെ ഒരു കരാർ രഹിത ബ്രെക്സിറ്റ്‌ ഉണ്ടായാൽ രാജ്യത്താകമാനം കലാപങ്ങളും പ്രതിഷേധങ്ങളും പൊട്ടിപുറപ്പെടും. പ്രധാനമന്ത്രി ജോൺസന് ‘ഐറിഷ് ബോർഡറും’ ഒരു ഊരാക്കുടുക്കായി മാറിയേക്കാം.!