ലണ്ടന്‍: ബ്രെക്‌സിറ്റ് അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ യു.കെ പുറത്തിറക്കാനിരിക്കുന്ന ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ വിപണിയിലെത്തുന്നത് വൈകും. പ്രതിസന്ധികളില്ലാതെ യു.കെ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണെങ്കില്‍ മാര്‍ച്ച് 29ഓടെ ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ പ്രധാനമന്ത്രി തെരേസ മേയ് രണ്ടാമതും വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ ‘ബ്രെക്‌സിറ്റ് കോയിനുകള്‍’ വൈകി പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ബ്രെകസിറ്റ് പാസാക്കാന്‍ സമയം അനുവദിക്കണമെന്ന് മേയ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയാണ്. 50 പെന്‍സിന്റെ കോയിനുകളാണ് ബ്രെക്‌സിറ്റ് സ്മരണാര്‍ത്ഥം യു.കെ നിര്‍മ്മിക്കുന്നത്. യു.കെയുടെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന തീരുമാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ കൂടിയാവും ‘ബ്രെക്‌സിറ്റ് കോയിനുകള്‍’.

ലോകത്തിലെ എല്ലാ രാജ്യങ്ങളോടും സൗഹൃദം സൂക്ഷിക്കുന്നതായി വ്യക്തമാക്കുന്ന 50 പെന്‍സ് കോയിനുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിടവാങ്ങുന്നതോടെ യു.കെ പുറത്തിറക്കുമെന്നായിരുന്നു നേരത്തെ ട്രഷറി അറിയിച്ചിരുന്നത്. എന്നാല്‍ ബ്രെക്‌സിറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യം കോയിനുകള്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ച തിയതി മാറ്റുമെന്നാണ് ട്രഷറി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ടോറി എം.പി ക്രെയിഗ് മാകിന്‍ലിയാണ് ‘സെവന്‍ സൈഡഡ്’ കോയിനുകളുടെ ക്യാംപെയിന്‍ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ചാന്‍സ്‌ലര്‍ ഫിലിപ്പ് ഹാമന്‍ഡ് ബ്രെക്‌സിറ്റ് കോയിനുകള്‍ പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്.

പണത്തിന്റെ കൈമാറ്റത്തിലുപരി യു.കെയുടെ ചരിത്രപരമായ നീക്കത്തെ അടയാളപ്പെടുത്തുകയാണ് സ്മാരണാര്‍ത്ഥം പുറത്തിറക്കുന്ന കോയിനുകളുടെ ലക്ഷ്യം. നേരത്തെ ബ്രെക്സിറ്റ് പോളിസിക്ക് അംഗീകാരം തേടി മൂന്നാം തവണയും പാര്‍ലമെന്റിലെത്താനുള്ള ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം സ്പീക്കര്‍ തടഞ്ഞിരുന്നു. രണ്ടുതവണയും പരാജയപ്പെട്ട പോളിസികളില്‍ നിന്ന് വ്യക്തമായ മാറ്റം ഉള്‍ക്കൊള്ളാതെ മൂന്നാമത് എം,പിമാര്‍ക്ക് മുന്നിലെത്തേണ്ടതില്ലെന്നാണ് സ്പീക്കറുടെ നിര്‍ദേശം. രണ്ടുതവണയും മേയ് സമര്‍പ്പിച്ച് ബ്രെക്സിറ്റ് പോളിസി വലിയ വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതോടെ ബ്രെക്‌സിറ്റ് കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുകയാണ്. പ്രതിസന്ധി അവസാനിച്ചാല്‍ മാത്രമെ കോയിനുകളുടെ കാര്യത്തിലും വ്യക്തമായ ധാരണയുണ്ടാകൂ.