ബ്രെക്‌സിറ്റ് ഡീല്‍ വന്‍ മാര്‍ജിനില്‍ പാര്‍ലമെന്റ് തള്ളിയതിനു പിന്നാലെ ലേബര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം തെരേസ മേയ് ഗവണ്‍മെന്റിന്റെ മരണമണിയാകുമോ? ഭരണപക്ഷ എംപിമാരുടെ കൂടി പിന്തുണയോടെയാണ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. സ്വന്തം പാളയത്തിലും പിന്തുണ നഷ്ടമായ മേയ്ക്ക് അവിശ്വാസ പ്രമേയം താണ്ടാന്‍ കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. തികച്ചും അയോഗ്യമായ സര്‍ക്കാരിനെതിരെ വിധിയെഴുതാനുള്ള അവസരമാണ് അവിശ്വാസ പ്രമേയത്തിലൂടെ കോമണ്‍സിന് നല്‍കിയിരിക്കുന്നതെന്നാണ് കോര്‍ബിന്‍ പറഞ്ഞത്. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രധാനമന്ത്രി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മാത്രമായിരുന്നു പ്രഥമ പരിഗണന നല്‍കിയിരുന്നതെന്നും കോര്‍ബിന്‍ ആരോപിച്ചു.

നിഷേധത്തിന്റെയും അമാന്തത്തിന്റെയും തത്വങ്ങളില്‍ അധിഷ്ഠിതമായ ഒരു ഭരണമായിരുന്നു മേയ് കാഴ്ചവെച്ചത്. അതിന് അതിന് അന്ത്യം കുറിക്കാനുള്ള സമയമായിരിക്കുന്നു. രണ്ടു വര്‍ഷം നീണ്ടുനിന്ന പരാജയം നിറഞ്ഞ ഭരണത്തിനു ശേഷം ജനങ്ങള്‍ക്കു വേണ്ടി ഗുണപ്രദമായ ഒരു ബ്രെക്‌സിറ്റ് ധാരണയുണ്ടാക്കാന്‍ കഴിയുമെന്ന് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, സര്‍ക്കാരിനുമേല്‍ സഭയ്ക്കുള്ള വിശ്വാസം നഷ്ടമായി എന്നാണ് ബ്രെക്‌സിറ്റ് ഡീല്‍ പരാജയപ്പെട്ടതോടെ തെളിഞ്ഞിരിക്കുന്നതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

അതിനാല്‍ അവിശ്വാസ പ്രമേയം മേശപ്പുറത്തു വെക്കുകയാണെന്ന് അറിയിക്കുന്നുവെന്ന് കോമണ്‍സില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് കോര്‍ബിന്‍ പറഞ്ഞു. ഇന്ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച നടക്കും. സഭയുടെ അഭിപ്രായം ഗവണ്‍മെന്റ് സ്വീകരിക്കുമെന്നായിരുന്നു ബ്രെക്‌സിറ്റ് ഡീല്‍ തള്ളിയതിനെക്കുറിച്ച് മേയ് പ്രതികരിച്ചത്. ഈ ഡീലിനെ പിന്തുണയ്ക്കുന്നില്ലെന്നാണ് സഭ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനൊപ്പം എന്തിനെ പിന്തുണയ്ക്കുന്നു എന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഹിതപരിശോധനാഫലം ഉയര്‍ത്തിപ്പിടിക്കണമെന്നു തന്നെയാണ് പാര്‍ലമെന്റ് അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും മേയ് പറഞ്ഞു.