നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ ഭക്ഷ്യവില ഉയരുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകളുടെ മുന്നറിയിപ്പ്. ഭക്ഷ്യവിലയില്‍ 12 ശതമാനം വരെ വര്‍ദ്ധനവുണ്ടാകുമെന്നാണ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്‍മാരുടെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഇറക്കമുതി ചെയ്യുന്ന ചീസിന് 44 ശതമാനം വില വര്‍ദ്ധിക്കും. ബീഫിന് 40 ശതമാനവും ചിക്കന് 22 ശതമാനവും വില ഉയരുമെന്നാണ് കണക്കാക്കുന്നത്. ഇക്കാര്യം ട്രഷറി ഗൗരവത്തോടെയാണ് കാണുന്നതെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഭക്ഷ്യ ഇറക്കുമതിയുടെ ശരാശരി താരിഫ് 22 ശതമാനമായിരിക്കുമെന്ന് ഒരു മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് ചെയര്‍മാന്‍ പറയുന്നു.

നോ ഡീല്‍ സാഹചര്യമാണ് ഉരുത്തിരിയുന്നതെങ്കില്‍ ലോക വ്യാപാര സംഘടനയുടെ മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍ എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാരബന്ധം തുടരാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിതമായിത്തീരും. ഈ സാഹചര്യത്തില്‍ പല ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും താരിഫ് വന്‍തോതില്‍ ഉയരും. ലോക വ്യാപാര സംഘടനയുടെ ചട്ടം നടപ്പായാല്‍ ഒന്നും സംഭവിക്കില്ലെന്ന് ബ്രെക്‌സിറ്റ് അനുകൂലികള്‍ പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും സൂപ്പര്‍മാര്‍ക്കറ്റ് തലവന്‍മാര്‍ പറയുന്നു. അതിര്‍ത്തികളിലൂടെയുള്ള ചരക്കു കടത്തില്‍ കാലതാമസമുണ്ടാകുമെന്നും സൂചനയുണ്ട്. ബ്രിട്ടന്റെ വിദേശനാണ്യ ശേഖരം യൂറോ ആക്കി മാറ്റിയെന്ന വിവരത്തിനു ശേഷം വരുന്ന ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തലാണ് ഇത്.

യൂറോയുടെ സ്ഥിരതയാണ് ഇത്തരമൊരു നീക്കത്തിന് കാരണമെന്നാണ് ചിലര്‍ വിശദീകരിക്കുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ പ്രകാരം വിദേശനാണ്യ ശേഖരത്തില്‍ ഇപ്പോള്‍ ഡോളറിനേക്കാള്‍ യൂറോയ്ക്കാണ് പ്രാമുഖ്യമുള്ളത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷമുണ്ടായ അവസ്ഥാവിശേഷമാണ് ഇത്. ഒരു നോ ഡീല്‍ ബ്രെക്‌സിറ്റാണ് സംഭവിക്കുന്നതെങ്കില്‍ അതില്‍ നിന്നുണ്ടാകുന്ന ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്ന സുരക്ഷാ സംവിധാനമാണ് ഇതെന്ന് മുന്‍ ഷാഡോ ചാന്‍സലറും പീപ്പിള്‍സ് വോട്ട് എന്ന ക്യാംപെയിന്‍ സപ്പോര്‍ട്ടറുമായ ക്രിസ് ലെസ്ലി പറയുന്നു.