ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ യൂറോപ്യന്‍ പൗരന്‍മാരുടെ കുട്ടികള്‍ക്ക് യുകെയില്‍ താമസിക്കാനുള്ള അനുമതി ഇല്ലാതാകുമെന്ന് മുതിര്‍ന്ന എംപി. സെറ്റില്‍ഡ് സ്റ്റാറ്റസിനായുള്ള ആപ്ലിക്കേഷന്‍ സംവിധാനത്തിലെ ചില പിഴവുകളാണ് ഇതിന് കാരണമെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യിവെറ്റ് കൂപ്പര്‍ വ്യക്തമാക്കി. വിന്‍ഡ്‌റഷ് സ്‌കാന്‍ഡലിന് സമാനമായ സാഹചര്യമായിരിക്കും ഉടലെടുക്കുക എന്നാണ് കരുതുന്നത്. തങ്ങള്‍ ബ്രിട്ടീഷ് പൗരന്‍മാരാണെന്ന് കരുതുന്ന മാതാപിതാക്കളുടെ കുട്ടികള്‍ സ്വാഭാവികമായും സെറ്റില്‍ഡ് സ്റ്റാറ്റസിനായി അപേക്ഷ നല്‍കില്ല. ഈ അറിവില്ലായ്മ അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് കൂപ്പര്‍ പറഞ്ഞു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളൊന്നും നിലവിലില്ലെന്ന് കോമണ്‍സ് ഹോം അഫയേഴ്‌സ് കമ്മിറ്റി എംപിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ക്യാംപെയിനര്‍മാരും പറയുന്നു.

സെറ്റില്‍മെന്റ് പദ്ധതിക്കായുള്ള അപേക്ഷ സമര്‍പ്പിച്ചാല്‍ നിരവധി കുട്ടികള്‍ക്ക് അതിന്റെ ആനുകൂല്യം ലഭിക്കും. പക്ഷേ ഇതേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവകാശങ്ങള്‍ നഷ്ടമാകുമെന്നാണ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കിയത്. 2021 ജൂണിനുള്ളില്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് ഉറപ്പാക്കണമെന്നാണ് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യുകെയിലുള്ള 3.7 മില്യന്‍ യൂറോപ്യന്‍ പൗരന്‍മാര്‍ ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. നിലവിലുള്ള അവസ്ഥയില്‍ പ്രതിദിനം 5000 അപേക്ഷകളിലെങ്കിലും തീരുമാനമെടുത്താലേ ഇത്രയും പേര്‍ക്ക് സെറ്റില്‍ഡ് സ്റ്റാറ്റസ് അനുവദിക്കാനാകൂ. ഹോം ഓഫീസിന് അതിനുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ ഈ പദ്ധതി തുടക്കം മുതല്‍ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

അപേക്ഷ നല്‍കാനുള്ള ആപ്പ് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇതും വിമര്‍ശനത്തിന് കാരണമായി. അപേക്ഷക്കായി മുതിര്‍ന്നവര്‍ക്ക് 65 പൗണ്ടും 16 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് 32.50 പൗണ്ടുമായിരുന്നു ഫീസ് നിര്‍ണ്ണയിച്ചിരുന്നത്. ഇത് കുറയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയരുകയും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ പ്രതികരണം നടത്തേണ്ടി വരികയും ചെയ്തിരുന്നു.