തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനുമെതിരേ കോഴ ആരോപണവുമായി ബിജു രമേശ് രംഗത്ത്. ചെന്നിത്തലക്ക് രണ്ട് കോടിയും വിഎസ് ശിവകുമാറിന് 25 ലക്ഷം രൂപയും കൊടുത്തതായി ബിജു രമേശ് പറഞ്ഞു. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കെപിസിസി ഓഫീസില്‍ എത്തി നേരിട്ട് കോഴ കൊടുക്കുകയായിരുന്നു. വിഎസ് ശിവകുമാറിന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അദ്ദേഹത്തിന്റെ പിഎ വാസുവിന്റെ കയ്യില്‍ 25 ലക്ഷം രൂപയും നല്‍കിയെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ വീട്ടിലെത്തിയാണ് പണം നല്‍കിയത്. എന്നാല്‍ ഇതിനു രസീതിയൊന്നുമില്ലെന്നും ബിജു രമേശ് പറഞ്ഞു.
എന്തിനു പണം നല്‍കി എന്ന ചോദ്യത്തിന് പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നും കച്ചവടം സുഗമമായി നടക്കാന്‍ വേണ്ടിയാണ് നല്‍കിയതെന്നും ബിജുരമേശ് പറഞ്ഞു. രമേശ് ചെന്നിത്തലയ്ക്കും ശിവകുമാറിനും കോഴ നല്‍കിയ കാര്യം മീഡിയാവണ്‍ അഭിമുഖത്തില്‍ ബിജു രമേശ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ തുകയോ മറ്റു കാര്യങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല. തെളിവുകളില്ലാത്തതിനാലാണ് ഈ മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാത്തതെന്ന് ബിജു രമേശ് പറഞ്ഞിരുന്നത്

അതേസമയം കോഴയാരോപണം നിഷേധിച്ച് മന്ത്രിമാര്‍ രംഗത്തെത്തി. കെപിസിസി വാങ്ങുന്ന പണത്തിന് രസീത് നല്‍കാറുണ്ടെന്നും ബിജുരമേശിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താന്‍ ആരോഗ്യവകുപ്പാണ് കൈകാര്യം ചെയ്യുന്നതുകൊണ്ട് ബാറിന്റെ വിഷയത്തില്‍ ഇടപെട്ട് കാശ് വാങ്ങേണ്ട ആവശ്യമില്ലെന്നും ശിവകുമാര്‍ പറഞ്ഞു. താന്‍ പണം വാങ്ങിയിട്ടില്ല. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ചെലവുകള്‍ നടത്തിയത് പാര്‍ട്ടിയാണ്. നിയമസഭയില്‍ ഈ വിഷയത്തില്‍ നേരത്തെ വിശദീകരണം നല്‍കിയതാണെന്നും ശിവകുമാര്‍ വ്യക്തമാക്കി.