അലങ്കരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിൽ വധു. പിന്നിൽ യാത്രക്കാരായി അമ്മയും ബന്ധുക്കളും. വധു ഓടിച്ച ഓട്ടോയുടെ പിന്നിൽ മുപ്പതിലേറെ ഓട്ടോകളിലായി വീട്ടുകാരും ബന്ധുക്കളും. കുറവിലങ്ങാട് ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളി പെരുന്താനം മാമലയിൽ മോഹനൻ നായരുടെ മകൾ മഹിമയാണ് വിവാഹ ദിനത്തിൽ ഓട്ടോറിക്ഷ ഓടിച്ചു കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ മണ്ഡപത്തിലേക്ക് എത്തിയത്. മഹിമയുടെ പേര് തന്നെയാണ് ഓട്ടോറിക്ഷയ്ക്കും. കാൽ നൂറ്റാണ്ടായി ഉഴവൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് മോഹനൻ.

2 വർഷം മുൻപ് ഓട്ടോ ഓടിയ്ക്കാൻ ലൈസൻസ് നേടിയ മഹിമ മിക്ക ദിവസവും വണ്ടി ഓടിക്കാറുണ്ട്. പട്ടാമ്പി കൊപ്പം പ്രേംനിവാസിൽ രാജഗോപാൽ–പുഷ്പ ദമ്പതികളുടെ മകൻ സൂരജുമായുള്ള വിവാഹം ഉറപ്പിച്ചപ്പോൾ മറ്റൊരു കാര്യം കൂടി ഉറപ്പിച്ചു.പെരുന്താനത്തു നിന്നു കുറിച്ചിത്താനത്തെ വിവാഹ വേദിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചു പോകും. വിവാഹ നിശ്ചയ ദിനത്തിലും വരനും വധുവും കൂടി ഓട്ടോയിൽ യാത്ര ചെയ്തിരുന്നു. ഇന്നലെ ഒൻപതരയോടെയാണ് വധൂഗൃഹത്തിൽ നിന്നുള്ളവർ ചടങ്ങുകൾക്കായി ഇറങ്ങിയത്.

ഏറ്റവും മുന്നിൽ മഹിമ ഓടിക്കുന്ന മഹിമ എന്ന ഓട്ടോറിക്ഷ. ഇതിൽ യാത്രക്കാരായി അമ്മ ലീലാമണിയും ബന്ധുക്കളും. വധുവിന്റെ വാഹനത്തിനു പിന്നിലായി മുപ്പതോളം ഓട്ടോറിക്ഷകൾ.ബന്ധുക്കളെല്ലാം അതിൽ. ഉഴവൂർ ടൗണിലെ മിക്ക ഓട്ടോറിക്ഷകളും വിവാഹം വ്യത്യസ്തമാക്കാൻ എത്തി. പാലായിൽ ബിഎഡ് വിദ്യാർഥിനിയാണ് മഹിമ. സൂരജ് ബഹ്റൈനിൽ ജോലി ചെയ്യുന്നു. ഇന്ന് നവ ദമ്പതികൾ പട്ടാമ്പിയിലേക്കു പോകും. ആ യാത്ര കാറിലാണെന്നു മാത്രം.