കാസർകോട‌്: മായാവതിയെയല്ല; വർഗീയ വിഷംതുപ്പുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ബിജെപി അധ്യക്ഷൻ അമിത‌്ഷായെയുമാണ‌് തെരഞ്ഞെടുപ്പ‌് കമീഷൻ വിലക്കേണ്ടതെന്ന‌്  സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം ബൃന്ദ കാരാട്ട‌് പറഞ്ഞു. ഒന്നാംഘട്ട തെരഞ്ഞെടുപ്പ‌് നടന്ന രാജ്യത്തെ 91 മണ്ഡലങ്ങളിൽ ജനങ്ങൾ തിരിച്ചടിക്കുമെന്ന‌് ഉറപ്പായപ്പോൾ  നരേന്ദ്രമോഡിയും അമിത‌്ഷായും രാഷട്രീയമുതലെടുപ്പിന‌് വർഗീയ വിഷം തുപ്പുകയാണ‌്. മോഡി തമിഴ‌്നാട്ടിൽ പോയി  അവിടത്തെ ജീവിത പ്രശ‌്നങ്ങളല്ല കേരളത്തിലെ ശബരിമലയെ കുറിച്ചാണ‌് പറയുന്നത‌്. വർഗീയ വൈര്യമുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിച്ച‌് രാഷ‌്ട്രീയ മുതലെടുപ്പിനാണ‌് ബിജെപിയും ആർഎസ‌്എസും ശ്രമിക്കുന്നത‌്. എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രന്റെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച റാലികൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇന്ത്യയുടെ ഹൃദയം വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത‌്. കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണത്തിൽ ബിജെപി  ഇന്ത്യയുടെ ഹൃദയം കവർന്നെടുത്തു. ലോകസഭയിലെ ഭൂരിപക്ഷം  ഉപയോഗിച്ച‌് ഭരണഘടനെ തകർക്കാൻ ശ്രമിച്ചു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഭരണഘടന ഏറ്റവുമധികം വെല്ലുവിളി നേരിട്ട ഭരണമാണ‌് മോഡിയുടെത‌്. ജനാധിപത്യം തകർത്തു. മതപരവും ലിംഗപരവുമായ സമത്വം ബിജെപി അംഗീകരിക്കുന്നില്ല. പൗരാവകാശം ഇല്ലാതാക്കുന്നു. മറ്റ‌് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുകൾക്ക‌് മാത്രം രാജ്യത്ത‌് പൗരത്വം നൽകൂവെന്നാണ‌് മോഡി ഭരണം പ്രഖ്യാപിക്കുന്നത‌്.  ഡോ. അംബേദ‌്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനയല്ല മനുസ‌്മൃതിയാണ‌് തങ്ങൾ അംഗീകരിക്കുന്നതെന്ന‌് വ്യക്തമാക്കിയവരാണ‌് ആർഎസ‌്എസ‌്. മതേതരത്വം ഇവർ അംഗീകരിക്കുന്നില്ല.  തൊഴിലില്ലായ‌്മയും കർഷക ആത്മഹത്യയും പെരുകുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെടുന്നു. അമ്പലത്തിനെയും മതത്തെയും കുറിച്ച‌് മാത്രമാണ‌് ബിജെപി പറയുന്നത‌്. ബിജെപിയെ പരാജയപ്പെടുത്തി ഇന്ത്യയെ രക്ഷിക്കണം.

ബിജെപിക്കെതിരെയുളള പോരാട്ടത്തിൽ രാജ്യം നേരിടുന്ന വലിയ ദുരന്തം പ്രധാനപ്രതിപക്ഷ പാർടിയായ കോൺഗ്രസിന‌് യാതൊരു റോളുമില്ല എന്നതാണ‌്.  മതത്തെ കൂട്ടുപിടിച്ച‌് വോട്ട‌്നേടാനുള്ള ശ്രമത്തിൽ ബിജെപിയും കോൺഗ്രസും ഒരേ പാതയിലാണ‌്.  രാജസ്ഥാനിലും  ചത്തിസ‌്ഗഢിലും മധ്യപ്രദേശിലും ബിജെപിയെ പുറത്താക്കി കോൺഗ്രസ‌് വന്നപ്പോൾ വർഗീയതക്കെതിരെ കോൺഗ്രസ‌്നിലപാടെടുക്കുമെന്ന‌് പ്രതീക്ഷിച്ചു. മധ്യപ്രദേശ‌് സർക്കാർ  പശുസംരക്ഷണത്തിന്റെ പേരിൽ ബിജെപി നയം പിന്തുടർന്ന‌്  കർഷകരായ മുസ്ലീങ്ങൾക്കും ദളിതർക്കുമെതിരെ  ദേശീയ സുരക്ഷാ നിയമം ചുമത്തുന്നു. അയോധ്യ വിഷയത്തിൽ സുപ്രീംക്കോടതി തീരുമാനമെടുക്കണമെന്നാണ‌് സിപിഐ എം പറയുന്നത‌്. എന്നാൽ കോൺഗ്രസ‌ിന്റെ അഖിലേന്ത്യാ  നേതാക്കൾ പറയുന്നത‌് അയോധ്യയിൽ ക്ഷേത്രം പണിയുമെന്നാണ‌്.

മതത്തെ രാഷ‌ട്രീയത്തിൽ  നിന്ന‌് മാറ്റി നിർത്തേണ്ടിന‌് പകരം മതത്തിന്റെ പേരിൽ വോട്ട‌് പിടിക്കുന്ന കോൺഗ്രസ‌് ബിജെപിയുടെ വഴിയിലാണ‌്. മുസ്ലീം, ദളിത‌് വിഭാഗങ്ങൾക്കെതിരെ ആൾക്കൂട്ട കൊലപാതകം നടക്കുമ്പോൾ കോൺഗ്രസ‌് എവിടെയായിരുന്നു. ഹരിയാനയിലെ 16 വയസുകാരനായ ജുനൈദിനെ ട്രെയിനിൽ നിന്ന‌് വലിച്ചെറിഞ്ഞ‌് കൊലപ്പെടുത്തിയപ്പോൾ  ഉമ്മ സൈറയെ സഹായിക്കാനും  സാന്ത്വനിപ്പിക്കാനും പോയത‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാരിന്റെ മുഖൃമന്ത്രി പിണറായി വിജയനാണ‌്. ഹരിയാനയിലെ ബിജെപി മുഖ്യമന്ത്രിയോ കോൺഗ്രസ‌് നേതാക്കളൊ തിരിഞ്ഞുനോക്കിയില്ല.

കേരളത്തിൽ രാവിലെ ആർഎസ‌്എസ‌് പറയുന്നത‌് വൈകിട്ട‌് രമേശ‌് ചെന്നിത്തല ഏറ്റ‌ുപറയുന്നു.  ജനവിരുദ്ധ സാമ്പത്തിക നയങ്ങളിൽ ബിജെപിയും കോൺഗ്രസും ഒട്ടിനിൽക്കുകയാണ‌്.  അംബാനിയുടെയും അദാനിയുടെ നേതൃത്വത്തിലുള്ള കോർപറേറ്റ‌ുകൾ ഉണ്ടാക്കുന്ന പ്രത്യേകതരം പശയാണ‌് ഇവരെ ഒട്ടിച്ചുനിർത്തുന്നത‌്. കുത്തുകൾക്ക‌് അനുകൂലമാണ‌് ഇവരുടെ നയങ്ങൾ.   മോഡി സർക്കാരും കോൺഗ്രസുകാരും തട്ടിപ്പ‌് നടത്തിയാണ‌് ജനങ്ങളെ കബളിപ്പിക്കുന്നത‌്. ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിന‌ും നന്മകൾ ചെയ‌്ത‌് റെക്കൊഡ‌്  നേട്ടം കൈവരിച്ച‌ തട്ടിപ്പില്ലാത്ത രാജ്യത്തെ ഏക സർക്കാർ പിണറായി സർക്കാരാണെന്ന‌് ബൃന്ദ പറഞ്ഞു