ന്യൂസ് ഡെസ്ക്
ബ്രിസ്റ്റോള്‍ :  ആകാംഷയോടെ കാത്തിരുന്ന ആദ്യ സംരഭത്തിന് ബ്രിസ്റ്റോളിൽ തിരിതെളിഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലാത്സവത്തിന് തുടക്കമായി. അഭിമാനത്തോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപത. ഒരു രാജ്യം രൂപതയായി ഒരു വർഷം പിന്നിടുമ്പോൾ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. എട്ടു റീജണിൽ നിന്നുമായി അതിരാവിലെ തന്നെ കോച്ചുകളിലും കാറുകളിലുമായി മത്സരാർത്ഥികളും കാണികളും എത്തിച്ചേർന്നിരുന്നു. രാവിലെ 9 മണിക്കു തന്നെ ഉദ്ഘാടന സമ്മേളനമാരംഭിച്ചു. നൂറ് കണക്കിന് സഭാ വിശ്വാസികളുടെയും വൈദീകരുടെയും നിറസാന്നിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആദ്യ ബൈബിൾ കലോത്സവത്തിന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ചു.

ഒമ്പത് സ്റ്റേജുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ഗ്രീൻവേ സെന്റർ വിശുദ്ധനാടായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ… ആദം മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കഥാപാത്രങ്ങളായി മത്സരവേദിയിലെത്തിക്കൊണ്ടിരിക്കുന്നു. വിശുദ്ധനാടിന്റെ ആരവമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്.

 

ഉടനേ തന്നെ മത്സരങ്ങൾ ആരംഭിക്കും. വിവിധ സ്റ്റേജുകളിലേയ്ക്കുള്ള മത്സരത്തിന്റെ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. ബൈബിൾ കലാത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർണ്ണമായി എന്ന് കലാത്സവം ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് മലയാളം യുകെ യോടു പറഞ്ഞു. ബൈബിൾ കലോത്സവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.