ന്യൂസ് ഡെസ്ക്

റഷ്യയ്ക്കെതിരെ ബ്രിട്ടൺ തിരിച്ചടി തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുന്ന തലത്തിലേയ്ക്കാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. റഷ്യയുടെ 23 ഡിപ്ളോമാറ്റുകളെ പുറത്താക്കാൻ ബ്രിട്ടൺ തീരുമാനിച്ചു. ഇന്ന് പാർലമെൻറിലാണ് റഷ്യയ്ക്കെതിരായ കടുത്ത നയതന്ത്ര നടപടി പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചത്. റഷ്യയുടെ അപ്രഖ്യാപിതരായ 23 ഇന്റലിജൻസ് ഓഫീസർമാരെ പുറത്താക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവർക്ക് ബ്രിട്ടൺ വിടാൻ ഒരാഴ്ചത്തെ സമയം നല്കിയിട്ടുണ്ട്.

സാലിസ്ബറിയിലെ റഷ്യൻ ചാരനായ സെർജി സ്ക്രിപാലിന്റെയും മകളുടെയും വധശ്രമവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ബ്രിട്ടീഷ് – റഷ്യാ ബന്ധം വഷളാക്കുന്നത്. ഇതിനു പിന്നിൽ റഷ്യയുടെ കരങ്ങളാണെന്ന് ബ്രിട്ടൺ ഉറച്ചു വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ ബ്രിട്ടൺ റഷ്യയുടെ വിശദീകരണം ആവശ്യപ്പെട്ട് അന്ത്യശാസനം നല്കിയിരുന്നു. എന്നാൽ റഷ്യ പ്രതികരിക്കാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ബ്രിട്ടൺ കടുത്ത നടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. ആണവശക്തിയായ തങ്ങളുടെ നേരെ ഭീഷണി വേണ്ടെന്ന് റഷ്യ ബ്രിട്ടന് മുന്നറിയിപ്പ് നല്കിയിരുന്നു.

റഷ്യയിൽ നടക്കുന്ന ഫിഫാ വേൾഡ് കപ്പിൽ ബ്രിട്ടീഷ് റോയൽ ഫാമിലിയുടെ സാന്നിധ്യം ഉണ്ടാവില്ലെന്നും ബ്രിട്ടൺ അറിയിച്ചിട്ടുണ്ട്. ബ്രിട്ടന്റെ നടപടി ധിക്കാരപരമെന്നും അസ്വീകാര്യമെന്നും ദീർഷ വീഷണമില്ലാത്തതെന്നും റഷ്യ പ്രതികരിച്ചു. തിരിച്ചടിയായി ബ്രിട്ടീഷ് ഡിപ്ളോമാറ്റുകളെ റഷ്യയും പുറത്താക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.