സ്വന്തം ലേഖകൻ

ബ്രിട്ടൻ :- 78 ആവശ്യ വസ്തുക്കളുടെ വിലനിലവാരം താരതമ്യപ്പെടുത്തി, ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സൂപ്പർമാർക്കറ്റുകളുടെ പുതിയ ലിസ്റ്റ് തയ്യാറായി. അവശ്യസാധനങ്ങൾ ആയ ബ്രെഡ്, പാസ്ത, തക്കാളി മുതലായവയുടെ വിലനിലവാരമാണ് താരതമ്യം ചെയ്തത്. ലിഡിൽ സൂപ്പർമാർക്കറ്റിൽ ഈ സാധനങ്ങൾക്ക് എല്ലാംകൂടി ഏറ്റവും കുറഞ്ഞത് 72.02 പൗണ്ട് ചെലവാകുമെന്നാണ് പുതിയ ലിസ്റ്റ് രേഖപ്പെടുത്തുന്നത്. എന്നാൽ വെയ്ട്രോസ് സൂപ്പർമാർക്കറ്റിൽ ഇവയ്ക്കു എല്ലാംകൂടി 111.77 പൗണ്ട് ചെലവാകും.

ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ ലഭിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ ലിസ്റ്റിൽ, രണ്ടാം സ്ഥാനത്ത് ആൽഡി ആണ്. ഇവിടെ അവശ്യസാധനങ്ങൾക്ക് എല്ലാംകൂടെ 72.23 പൗണ്ട് തുക ചെലവാകും. മൂന്നാം സ്ഥാനത്ത് അസ്ഡ ആണ്. 80.15 പൗണ്ടിന് അവശ്യസാധനങ്ങൾ ഇവിടെ ലഭ്യമാകും. എന്നാൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിൽ വെയ്ട്രോസ് സൂപ്പർ മാർക്കറ്റ് എന്നാണ് ഏറ്റവും കൂടുതൽ പണം ഈടാക്കുന്നതായി ലിസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രാൻഡഡ് സാധനങ്ങൾ ലഭ്യമാക്കുന്നതിൽ ഏറ്റവും കുറഞ്ഞ തുക ഈടാക്കുന്നത് അസ്ഡ സൂപ്പർ മാർക്കറ്റ് ആണ്. ഏറ്റവും കുറഞ്ഞത് 299.78 പൗണ്ടിന് ഇവിടെ ബ്രാൻഡഡ് സാധനങ്ങൾ ലഭ്യമാകും. എന്നാൽ ഒക്കാഡോ സൂപ്പർ മാർക്കറ്റ് ആണ് ബ്രാൻഡഡ് സാധനങ്ങൾക്ക് ഏറ്റവും കൂടുതൽ വില ഈടാക്കുന്നത്.