ബ്രിട്ടനിലെ ഉപേക്ഷിക്കപ്പെട്ട ഖനിയില്‍ കണ്ടെത്താനിരിക്കുന്നത് 5 ടണ്ണിലേറെ വരുന്ന സ്വര്‍ണ്ണ ശേഖരം. സ്‌കോട്‌ലന്റിലെ ടിന്‍ഡ്രം മലനിരകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഖനിയില്‍ വന്‍തോതില്‍ വെള്ളിയും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എ82 പാതയില്‍ നിന്ന് ഏതാണ്ട് 20 മിനിറ്റോളം യാത്രചെയ്താല്‍ എത്തുന്ന ദൂരത്താണ് ഖനി സ്ഥിതി ചെയ്യുന്നത്. ഖനിയുടെ കവാടത്തില്‍ അന്യര്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഖനിക്കുള്ളില്‍ തിളങ്ങുന്ന കല്ലുകളുണ്ടെന്നും അവ വേര്‍തിരിച്ചെടുക്കേണ്ടതായിട്ടുണ്ടെന്ന് സ്‌കോട്ടിഷ് മൈനിംഗ് കമ്പനിയായ സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസിന്റെ ജിയോളജിസ്റ്റ് പറയുന്നു. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അതിന്റെ വക്കോളം തങ്ങള്‍ എത്തിക്കഴിഞ്ഞുവെന്നും സ്‌കോട്ടിഷ് കമ്പനി അധികൃതര്‍ പറയുന്നു. പരിശുദ്ധമായ സ്‌കോട്ടിഷ് സ്വര്‍ണം എത്രയും പെട്ടന്ന് പ്രദേശിക വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു.

സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള അനുവാദം സര്‍ക്കാര്‍ തലത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ആരംഭിച്ചാല്‍ ഏതാണ്ട് 63 ഓളം തൊഴിലവസരങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. പ്രദേശികമായിട്ടാണ് ഇതിനാവശ്യമായ ഉപകരണങ്ങള്‍ തങ്ങള്‍ കണ്ടെത്താന്‍ പോകുന്നത്. അതുകൊണ്ട് പ്രദേശിക സമ്പദ്ഘടനയ്ക്കും മെച്ചങ്ങളുണ്ടാകുമെന്ന് സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസ് മാനേജിംഗ് ഡയറക്ടര്‍ റിച്ചാര്‍ഡ് ഗ്രേ ഒബാന്‍ ടൈംസിനോട് പറഞ്ഞു. ലോച്ച് ലോമോണ്ടും ട്രോസാക്‌സ് നാഷണല്‍ പാര്‍ക്ക് അതോറിറ്റിയുടെ പ്ലാനിംഗ് കമ്മറ്റിയും അടുത്ത ആഴ്ച ഖനി സന്ദര്‍ശിക്കാനിരിക്കുകയാണ്. പ്ലാനിംഗ് കമ്മറ്റി സ്‌കോട്ട്‌ഗോള്‍ഡ് റിസോഴ്‌സസ് കമ്പനിക്ക് ഖനിയിലെ സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുള്ള അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ 18 മാസങ്ങളായി ഖനിയുടെ പുറത്ത് നിന്ന് ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ജോലികള്‍ സ്‌കോട്‌ഗോള്‍ഡ് റിസോഴ്‌സസ് ചെയ്തു വരികയാണ്. ഏതാണ്ട് 24000 ടണ്‍ ലോഹം ഖനിയുടെ പുറത്ത് നിന്ന് കമ്പനി കുഴിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്ന പദ്ധതികളിലേക്കായി കമ്പനി ഏതാണ്ട് 3 മില്ല്യണ്‍ പൗണ്ട് ഓഹരികള്‍ സമാഹരിച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷേ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏകദേശം 7 മില്ല്യണ്‍ പൗണ്ടോളം ആവശ്യമുണ്ട്. പ്രകൃതിക്ക് അനുയോജ്യമായ വിധത്തിലാണ് കമ്പനി ഖനനം നടത്താനുള്ള ശ്രമം നടത്തുന്നത്. ഇതിന്റെ ഭാഗമായി 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയുടെ കാലാവധി 17 വര്‍ഷമായി ഉയര്‍ത്തിയിട്ടുണ്ട്.