ലണ്ടന്‍: സമ്മര്‍ അവധി ദിനങ്ങള്‍ ആരംഭിക്കുമ്പോള്‍ 16 ദിവസത്തെ സമരത്തിന് ഒരുങ്ങി ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍. ഇതോടെ ക്യാബിന്‍ ജീവനക്കാരും മാനേജ്‌മെന്റുമായി തുടരുന്ന അസ്വാരസ്യങ്ങള്‍ സമ്മറില്‍ കടുത്ത യാത്രാക്ലേശം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജൂലൈ 1 മുതല്‍ 16 വരെ പണിമുടക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സിലെ യുണൈറ്റ് അംഗങ്ങള്‍ അറിയിച്ചു. 26 ദിവസത്തെ സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെ കരിമ്പട്ടികയില്‍ പെടുത്തിയ കമ്പനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും യൂണിയന്‍ അറിയിച്ചു.

വിമാന സര്‍വീസുകളെ ബാധിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നതെങ്കിലും മെയ്മാസത്തില്‍ ഐടി തകരാറ് മൂലം ആയിരങ്ങള്‍ക്ക് യാത്ര മുടങ്ങിയ സംഭവം ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ചരിത്രത്തില്‍ത്തന്നെ കറുത്ത ഏടായി മാറിയിരിക്കുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ മിക്‌സ്ഡ് ഫ്‌ളീറ്റ് ഓപ്പറേഷനില്‍ വിന്യസിച്ചിരിക്കുന്ന ജീവനക്കാരാണ് ഇപ്പോള്‍ സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. 70 ഡൊമസ്റ്റിക്, യൂറോപ്യന്‍-ദീര്‍ഘദൂര സര്‍വീസുകള്‍, അബര്‍ദീന്‍, മാഞ്ചസ്റ്റര്‍, ബെല്‍ഫാസ്റ്റ് സിറ്റി തുടങ്ങിയ സര്‍വീസുകള്‍ എന്നിവയില്‍ മിക്‌സ്ഡ് ഫ്‌ളീറ്റ് ജീവനക്കാരാണ് നിയോഗിക്കപ്പെടുന്നത്.

ഹീത്രൂവില്‍ നിന്നുള്ള മിക്‌സ്ഡ് ഫ്‌ളീറ്റ് ദീര്‍ഘദൂര സര്‍വീസുകളില്‍ പ്രധാനപ്പെട്ടവ ബാങ്കോക്ക്, ചിക്കാഗോ, ജോഹാനസ്ബര്‍ഗ്, ലാസ് വേഗാസ്, സിംഗപ്പൂര്‍, സിഡ്‌നി എന്നിവിടങ്ങളിലേക്കുള്ളവയാണ്. അവധിക്കാല യാത്രകള്‍ക്കും മറ്റും തയ്യാറെടുക്കുന്നവര്‍ക്ക് സമരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചേക്കാം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ശമ്പള പ്രതിസന്ധിയാണ് ഇപ്പോള്‍ തുടരെയുള്ള സമരങ്ങള്‍ക്ക് കാരണമാകുന്നത്.