ബ്രിട്ടനിലെ പൈലറ്റുമാരുടെ ശമ്പളത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന്, ബ്രിട്ടീഷ് എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ (ബാൽപ) അംഗംങ്ങൾ സ്മാരത്തിലേയ്ക്ക് നീങ്ങുന്നു . പണിമുടക്കിന് അനുകൂലമായി ബ്രിട്ടീഷ് എയർവെയ്‌സിലെയും ബാൽപ്പയിലെയും 4000ത്തോളം പൈലറ്റുമാർ വോട്ട് ചെയ്തു. അവധിക്കാലത്തിലെ ഏറ്റവും തിരക്കേറിയ ഓഗസ്റ്റ് മാസത്തിൽ പണിമുടക്ക് ആരംഭിക്കാനാണ് സാധ്യത. എന്നാൽ ഇതുവരെ ബാൽപ തീയതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. നിയമപ്രകാരം രണ്ട് ആഴ്ച മുമ്പ് യൂണിയൻ നോട്ടീസ് നൽകണം. ഇതിനർത്ഥം പണിമുടക്ക് ആഗസ്റ്റ് പകുതിയോട് അടുപ്പിച്ചായിരിക്കും എന്നുതന്നെയാണ്.

ഇതുമൂലം വരും ആഴ്ചകളിൽ ബ്രിട്ടീഷ് എയർവേസിൽ വിമാനം ബുക്ക്‌ ചെയ്തവർ പ്രതിസന്ധി നേരിടേണ്ടി വരും. പുതിയ കോടതി വിധിയ്ക്കു ശേഷം ബാൽപ ജനറൽ സെക്രട്ടറി ബ്രയാൻ സ്ട്രട്ടൺ ഇപ്രകാരം പറഞ്ഞു. “ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ബ്രിട്ടീഷ് എയർവേസ് ഞങ്ങളെ സഹായിച്ചില്ല. ” ബ്രിട്ടീഷ് എയർവേസിന്റെ വക്താവ് പറഞ്ഞു “ആയിരകണക്കിന് ആളുകളുടെ അവധിക്കാല യാത്രയെ തടസപ്പെടുത്തുകയാണ് ബാൽപ. ഇത് നിരാശാജനകമായ കാര്യമാണ്. ” ജൂലൈയിൽ, ബ്രിട്ടീഷ് എയർവേസ് പൈലറ്റുമാർക്ക് 3 വർഷത്തിനിടെ 11.5% ശമ്പള വർധനവ് വാഗ്ദാനം ചെയ്‌തെങ്കിലും ബാൽപ ഇത് നിരസിച്ചു. ഓഫർ ന്യായമാണെന്ന് ബ്രിട്ടീഷ് എയർവേസ് പറയുന്നു. എന്നാൽ എയർലൈൻ നല്ല ലാഭം നേടുന്നതിനാൽ അതിന്റെ അംഗങ്ങളും അതിന് അർഹരാണെന്ന് ബാൽപ വാദിക്കുന്നു. ഈ വേനൽക്കാല പണിമുടക്ക് ഏറ്റവും അധികം പ്രശ്നം സൃഷ്ടിക്കുന്നത് യാത്രികർക്ക് തന്നെയാണ്.പണിമുടക്ക് മൂലം ബ്രിട്ടീഷ് എയർവേസിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതോടൊപ്പം ആഗസ്റ്റ് പകുതിയോട് അടുപ്പിച്ചു ടിക്കറ്റ് ബുക്ക്‌ ചെയ്തവരും ബുദ്ധിമുട്ട് നേരിടേണ്ടി വരും.