ലണ്ടന്‍: ബ്രിട്ടീഷ് ബാങ്കുകള്‍ വന്‍തോതില്‍ റഷ്യന്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തല്‍. റഷ്യന്‍ സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സിയായ കെജിബിയുമായി ബന്ധമുള്ള ക്രിമിനലുകളാണ് ഇതിനു പിന്നിലെന്ന് ഗാര്‍ഡിയന്‍ പത്രം ആരോപിക്കുന്നു. 740 മില്യന്‍ പൗണ്ടിനു തുല്യമായ തുകയാണ് ബ്രിട്ടീഷ് ബാങ്കുകളിലൂടെ ഇവര്‍ വെളുപ്പിച്ചെടുത്തത്. എച്ച്എസ്ബിസി, റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലാന്‍ഡ്, ലോയ്ഡ്‌സ്, ബാര്‍ക്ലേയ്‌സ്, കൗട്ട്‌സ് എന്നീ പ്രമുഖ ബാങ്കുകളുള്‍പ്പെടെ 17 ബാങ്കുകളിലൂടെയാണ് ഇടപാടുകള്‍ നടന്നതെന്നാണ് വിവരം. സംശയകരമായ പണനമിടപാടുകള്‍ നടന്നിട്ടും വിവരമറിയിക്കാത്തതിനാല്‍ ഈ ബാങ്കുകള്‍ക്കെതിരെ അന്വേഷണം ഉണ്ടായേക്കും.
2010നും 2014നുമിടയില്‍ പുറത്തേക്ക് 20 ബില്യന്‍ പൗണ്ടിന് തുല്യമായ തുക ഈ വിധത്തില്‍ ഒഴുകിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 80 ബില്യന്‍ പൗണ്ടെങ്കിലും ഈ വിധത്തില്‍ ഒഴുകിയിട്ടുണ്ടാകുമെന്നാണ് ഡിറ്റക്ടീവുകള്‍ വിശ്വസിക്കുന്നത്. റഷ്യയില്‍ നിന്നുള്ള പണം കൊള്ളമുതലോ കുറ്റവാളികളുടേതോ ആകാമെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഈ ഇടപാടുപകള്‍ക്കു പിന്നിലുള്ള രാഷ്ട്രീയ സ്വാധീനവമുള്ള ധനികര്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷകര്‍.

ആഗോള തലത്തില്‍ ഇടപാടുകള്‍ നടത്തി കള്ളപ്പണം വെളുപ്പിക്കുന്ന ഈ സംഘത്തില്‍ 500 ആളുകള്‍ എങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഇവരില്‍ മോസ്‌കോ ബാങ്കര്‍മാരും ധനികരും കെജിബിയുടെ അനുബന്ധമായ എഫ്എസ്ബിയുമായി ബന്ധമുള്ളവരും ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരങ്ങള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ബന്ധുവായ ഇഗോര്‍ പുടിനും ഈ ഇടപാടില്‍ ബന്ധമുണ്ടെന്ന് സംഘം വെൡപ്പെടുത്തുന്നു. ഈ തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് ഓഫ് മോസ്‌കോയുടെ ബോര്‍ഡില്‍ അംഗമാണ് ഇഗോര്‍.

ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത് കമ്പനികള്‍ക്ക് ഈ ഇടപാടുകളില്‍ വലിയ പങ്കുണ്ടായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഇവയുടെ വിവരങ്ങള്‍ പരസ്യമാക്കിയിട്ടില്ല. 70,000 ബാങ്കിംഗ് ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇവയില്‍ 1920 എണ്ണം യുകെ ബാങ്കുകള്‍ വഴിയും 373 എണ്ണം യുഎസ് ബാങ്കുകള്‍ വഴിയുമാണ് നടന്നത്. ലാത്വിയ, മോള്‍ഡോവ എന്നിവിടങ്ങളിലെ പോലീസ് നടത്തിയ അന്വേഷണങ്ങളില്‍ ലഭിച്ച വിവരങ്ങളാണ് ഇവ.