ലിസ മാത്യു, മലയാളം യുകെ ന്യൂസ്‌ ടീം

വെസ്റ്റ് യോർക്ക്ഷെയർ :- 20 ലക്ഷത്തോളം വിലവരുന്ന മയക്കുമരുന്നുകളിൽ ഒന്നായ ഹെറോയിൻ കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് ദമ്പതികളെ പാകിസ്ഥാനിൽ വച്ച് അറസ്റ്റ് ചെയ്തു. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റത്തിനാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇരുപത്തിയാറുകാരനായ മുഹമ്മദ് താഹിർ അയാസിനെയും, ഭാര്യ ഇരുപതു വയസ്സുള്ള ഇക്ര ഹുസ്സൈനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇംഗ്ലണ്ടിലെ വെസ്റ്റ് യോർക്ക്ഷെയറിലെ ഹഡർ ഫീൽഡിൽ ആണ് ഇവർ താമസിച്ചു വരുന്നത്. പാകിസ്ഥാനിലെ സിയാൽകോട്ട് ഇന്റർനാഷണൽ എയർപോർട്ടിൽ വെച്ചാണ് അറസ്റ്റ് നടന്നത്. ദമ്പതികൾ ദുബായ് വഴി യുകെയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.

അനധികൃതമായി കൈവശം വച്ച 24 കിലോയോളം ഹെറോയിൻ എയർപോർട്ട് സെക്യൂരിറ്റി ഫോഴ്സ് കണ്ടെടുത്തു. സ്ത്രീകളുടെ വസ്ത്രത്തിൽ തയ്ച്ചു സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച എമിറേറ്റ്സ് എയർലൈൻസിന്റെ ഫ്ലൈറ്റിൽ യുകെയിലേക്ക് പോകാൻ എത്തിയപ്പോഴാണ് പിടിയിലായത്. സെക്യൂരിറ്റി ഫോഴ്സ് അധികൃതർ ഹെറോയിൻ പിടിച്ചെടുക്കുകയും, ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതിനുശേഷം ആന്റി നാർക്കോട്ടിക് ഫോഴ്സ് വിഭാഗത്തിന് കൂടുതൽ ചോദ്യം ചെയ്യലിനായി ദമ്പതികളെ കൈമാറി.

പിടിച്ചെടുത്ത ഹെറോയിന് രണ്ട് മില്യൻ പൗണ്ടോളം മാർക്കറ്റിൽ വിലയുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മയക്കുമരുന്ന് കടത്തിന് വളരെ ശക്തമായ നിയമങ്ങളാണ് പാകിസ്ഥാനിൽ ഉള്ളത്. ജീവപര്യന്തമോ അല്ലെങ്കിൽ വധശിക്ഷയോ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. പാകിസ്ഥാൻ അധികൃതരിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് അറിയിച്ചു.