ജോജി തോമസ്

ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ലേബര്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വ്വേകളില്‍ ഒന്നിലാണ് ലേബര്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനത്തിലെ പുരോഗതി രേഖപ്പെടുത്തിയത്. ഇതിന് പ്രധാന കാരണമായത് യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനമാണ്.

പ്രതിവര്‍ഷം മൂവായിരം പൗണ്ട് മാത്രമായിരുന്ന യൂണിവേഴ്‌സിറ്റി ഫീസ് കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഒറ്റയടിക്കാണ് ഒന്‍പതിനായിരം പൗണ്ടായി വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് ബ്രിട്ടനിലെ സാധാരണക്കാരേയും ഇടത്തരക്കാരേയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ വിദ്യാഭ്യാസവായ്പ എടുക്കുന്നവര്‍ക്ക് വലിയൊരു ബാധ്യതയ്ക്ക് ഇത് കാരണമാകുകയും ചെയ്തിരുന്നു. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന കണ്‍സര്‍വേറ്റീവുകളുടെ നയവും ചിന്താഗതിയും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്തായാലും യൂണിവേഴ്‌സിറ്റി പഠനം സൗജന്യമാക്കുമെന്ന ലേബറിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്നു തന്നെയാണ് സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന മലയാളികളടങ്ങിയ ഇന്ത്യന്‍ സമൂഹവും ലേബറിന്റെ ഈ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

റോയല്‍ മെയിലും റെയില്‍വേയും ദേശസാത്കരിക്കുമെന്നലേബറിന്റെ പ്രഖ്യാപനവും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വോട്ടവകാശം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പതിനാറാക്കാനുള്ള ലേബറിന്റെ നീക്കം യുവജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. എന്തായാലും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ അമ്പരപ്പില്‍ നിന്ന് മുക്തമായി ഇലക്ഷന്‍ പ്രചരണ രംഗത്ത് ലേബര്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.