ബ്രിട്ടീഷ് ഗ്യാസ് പ്രഖ്യാപിച്ച വില വര്‍ദ്ധനവ് ചൊവ്വാഴ്ച പ്രാബല്യത്തിലാകും. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിലുള്ള ഉപഭോക്താക്കളുടെ ഗ്യാസ്, ഇലക്ട്രിസിറ്റി ബില്ലുകളില്‍ 5.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയിരിക്കുന്നത്. ഏപ്രിലില്‍ പ്രഖ്യാപിച്ച ഈ വര്‍ദ്ധനവ് മൂലം ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 246 മില്യന്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു ശരാശരി ഉപഭോക്താവിന് വര്‍ഷത്തില്‍ 60 പൗണ്ട് വീതം അധികമായി ചെലവാകും. 4.1 മില്യന്‍ ഉപഭോക്താക്കളാണ് രാജ്യത്തെ ഏറ്റവും വലിയ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസിന് യുകെയിലുള്ളത്.

മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ താരിഫ് നിരക്ക് പ്രതിവര്‍ഷം 796 പൗണ്ടാണ്. വില വര്‍ദ്ധിക്കുന്നതോടെ സ്റ്റാന്‍ഡാര്‍ഡ് താരിഫ് ഇതിനേക്കാള്‍ 45 ശതമാനം വിലയേറിയതാകും. കഴിഞ്ഞ സെപ്റ്റംബറില്‍ വരുത്തിയ 12.5 ശതമാനം വര്‍ദ്ധനയ്ക്ക് ശേഷമാണ് ഇപ്പോള്‍ 5.5 ശതമാനത്തിന്റെ കൂടി വര്‍ദ്ധന വരുത്തുന്നത് ഉപഭോക്താവിന് ഇരട്ടി പ്രഹരമാണ് നല്‍കുന്നത്. സ്റ്റാന്‍ഡാര്‍ഡ് വേരിയബിള്‍ താരിഫിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് ഇതു മൂലമുള്ള ഭാരം കൂടുതല്‍ താങ്ങേണ്ടി വരിക. അതേസമയം ഓണ്‍ലൈനില്‍ ഒരു ഫിക്‌സഡ് താരിഫിലേക്ക് മാറിയാല്‍ വര്‍ഷം 100 പൗണ്ടെങ്കിലും ലാഭിക്കാനാകുമെന്നും വിലയിരുത്തലുണ്ട്.

ബിഗ് സിക്‌സ് എന്ന് അറിയപ്പെടുന്ന രാജ്യത്തെ ആറ് പ്രധാന എനര്‍ജി കമ്പനികളില്‍ 5 എണ്ണവും അടുത്ത മാസം അവസാനത്തോടെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കുകയാണ്. ബ്രിട്ടീഷ് ഗ്യാസിനു പുറമേ എന്‍പവര്‍, സ്‌കോട്ടിഷ് എനര്‍ജി, ഇ-ഓണ്‍, ഇഡിഎഫ്, എസ്എസ്ഇ മുതലായ കമ്പനികളാണ് നിരക്കു വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.