ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി നിരക്കുകളില്‍ വര്‍ദ്ധന വരുത്തുന്നു. ഇല്ക്ട്രിസിറ്റി, ഗ്യാസ് നിരക്കുകളില്‍ 5.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് വരുത്തുന്നത്. പ്രതിവര്‍ഷം 60 പൗണ്ടിന്റെ വര്‍ദ്ധനവ് ഇതോടെ ബില്ലുകളില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ രണ്ട് ബില്ലുകളിലുമായി വര്‍ഷത്തില്‍ ശരാശരി 1161 പൗണ്ട് ഉപഭോക്താവ് നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. മെയ് 29 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ഈ സ്പ്രിംഗില്‍ എനര്‍ജി നിരക്കുകള്‍ ഉയര്‍ത്തുന്ന ആദ്യ കമ്പനിയായി മാറിയിരിക്കുകയാണ് ഇതോടെ ബ്രിട്ടീഷ് ഗ്യാസ്.

ഫിക്‌സഡ് ഡീലുകള്‍ അവസാനിച്ച് ഡിഫോള്‍ട്ട് താരിഫിലേക്ക് നീങ്ങിയിരിക്കുന്ന ഉപഭോക്താക്കള്‍ക്കും 60 പൗണ്ടിന്റെ വര്‍ദ്ധന ബാധകമായിരിക്കും. യുകെയിലെ ഏറ്റവും വലിയ എനര്‍ജി വിതരണക്കാരായ ബ്രിട്ടീഷ് ഗ്യാസിന് 4.1 മില്യന്‍ ഉപഭോക്താക്കളാണ് നിലവില്‍ ഉള്ളത്. ഹോള്‍സെയില്‍ വിലയിലും ഉദ്പാദനച്ചെലവിലുമുണ്ടായ വര്‍ദ്ധന മൂലമാണ് നിരക്കു വര്‍ദ്ധന വേണ്ടിവന്നതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളും ഈ നിരക്കു വര്‍ദ്ധനയ്ക്ക് കാരണമാകുന്നുണ്ടെന്നും കമ്പനി പ്രതിനിധി മാര്‍ക്ക് ഹോഡ്ജസ് പറഞ്ഞു.

എനര്‍ജി സിസ്റ്റത്തില്‍ മാറ്റം വരുത്താനുദ്ദേശിച്ച് നടപ്പാക്കുന്ന സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ വാസ്തവത്തില്‍ ഉപഭോക്താവിനു മേല്‍ സമ്മര്‍ദ്ദം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തിയാല്‍ മാത്രമേ എല്ലാ എനര്‍ജി വിതരണക്കാരുടെയും ഉപഭോക്താക്കള്‍ക്ക് ശരിയായ സേവനം ലഭിക്കുകയുള്ളു. ഇത്തരം ചെലവുകള്‍ എനര്‍ജി ബില്ലുകളെ സ്വാധീനിക്കാത്ത വിധത്തില്‍ ജനറല്‍ ടാക്‌സേഷനില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.