എമിറേറ്റ്‌സ് വിമാനത്തില്‍ വെച്ച് ഒരു ഗ്ലാസ് വൈന്‍ കുടിച്ചതിന് ദുബായില്‍ അറസ്റ്റിലായ ബ്രിട്ടിഷ് വനിതയ്ക്ക് മോചനം. യു.എ.ഇ ഭരണാധികാരി ഷെയ്ക്ക് മുഹമ്മദിന്റെ ഇടപെടലാണ് ബ്രിട്ടീഷ് ഡോക്ടറുടെ മോചനത്തിന് സഹായിച്ചത്. ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ അപാകതയാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് സൗജന്യമായി നല്‍കാമെന്നും യു.എ.ഇ അധികൃതര്‍ ഡോ. എല്ലി ഹോള്‍മാനെ അറിയിച്ചിട്ടുണ്ട്. മൂന്ന് ദിവസം ജയിലില്‍ കഴിയേണ്ടി വന്ന ഹോള്‍മാനും നാല് വയസുകാരിയായ മകള്‍ക്കും നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായും യു.എ.ഇ സര്‍ക്കാരിന്റെ പ്രതിനിധി അറിയിച്ചു.

മൂന്ന് ദിവസം മുന്‍പാണ് ഹോള്‍മാനും മകളും ലണ്ടനില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലെത്തുന്നത്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഹോള്‍മാന്റെ വിസ പരിശോധിക്കേണ്ടതുണ്ടെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന സംഭാഷണത്തിനിടയില്‍ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മറുപടിയായി വിമാനത്തില്‍ വെച്ച് ഒരു ഗ്ലാസ് വൈന്‍ കുടിച്ച കാര്യം ഹോള്‍മാന്‍ വെളിപ്പെടുത്തി. വിമാനത്തില്‍ വെച്ച് മദ്യപിക്കുന്നത് യു.എ.ഇ നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുകെയില്‍ വാഹനമോടിക്കുമ്പോള്‍ അനുവദനീയമായ മദ്യത്തിന്റെ അളവിനേക്കാള്‍ കുറവായിരുന്നു ഹോള്‍മാന്‍ കഴിച്ചിരുന്നത്.

സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ യു.എ.ഇ ഭരണാധികാരി ഇടപെടുകയായിരുന്നു. ജയില്‍ മോചിതയായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹോള്‍മാന്‍ അറിയിച്ചു. വിമാനത്തില്‍ വെച്ച് മദ്യപിക്കുന്നതിന് യു.എ.ഇയില്‍ അനുമതിയില്ലെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നും എമിറേറ്റ്‌സ് അധികൃതര്‍ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നില്ലെന്നും ഹോള്‍മാന്‍ വ്യക്തമാക്കി. ലക്ഷകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന സ്ഥലമാണ് ദുബായ്. ഇത്തരം സംഭവങ്ങള്‍ തങ്ങളുടെ ടൂറിസം ഭാവിയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണ് നിയമത്തില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.