ന്യൂസ് ഡെസ്ക്

മലയാളികൾക്ക് അഭിമാനിക്കാൻ ഇതാ ഒരു അസുലഭ നിമിഷം വരവായി. ഇംഗ്ലണ്ടിലെ സഭയെ നയിക്കാൻ ഒരു മലയാളി വൈദികൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി ഡോ. ജോൺ പെരുമ്പാലത്ത് നിയമിക്കപ്പെട്ടു. ബ്രിട്ടീഷ് രാജ്ഞിയാണ് നിയമനം പ്രഖ്യാപിച്ചത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഓഫീസ് 10, ഡൗണിംഗ് സ്ട്രീറ്റ് വെള്ളിയാഴ്ച ഔദ്യോഗിക കുറിപ്പിലൂടെ നിയമനം അറിയിക്കുകയായിരുന്നു. ജൂലൈ 3 ന് ഡോ.ജോൺ ബിഷപ്പായി അഭിഷിക്തനാകും. ഇദ്ദേഹം യുണൈറ്റെഡ് ചർച്ച് ഓഫ് നോർത്ത് ഇന്ത്യയിലെ വൈദികനായി നേരത്തെ സേവനമനുഷ്ഠിച്ചിരുന്നു. നിലവിൽ ബാർക്കിംഗിൽ ആർച്ച് ഡീക്കനായി സേവനമനുഷ്ഠിക്കവയെയാണ് പുതിയ പദവിയിലേക്ക് നിയുക്തനാകുന്നത്. കേരളത്തിലെ പുരാതന സിറിയൻ ക്രിസ്ത്യൻ കുടുംബാംഗമായ ഡോ. ജോൺ പൂനയിലെ യൂണിയൻ ബിബ്ളിക്കൽ സെമിനാരിയിലാണ് പഠനം പൂർത്തിയാക്കിയത്. BA, BD, MA, MTh, PhD ബിരുദങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.

ഡോ. ജോൺ പെരുമ്പാലത്ത് യൂത്ത് വർക്കറായും തിയോളജിക്കൽ എഡ്യൂക്കേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2002ലാണ് അദ്ദേഹം ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ സേവനമാരംഭിക്കുന്നത്. 2013 ൽ ആർച്ച് ഡീക്കൻ പദവിയിലെത്തുന്നതിന് മുൻപ് മൂന്ന് ഇടവകകളിൽ സേവനം ചെയ്തിരുന്നു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറൽ സിനഡിൽ അംഗമാണ് ഡോ. ജോൺ. സിനഡിന്റെ മിഷൻ ആൻഡ് പബ്ലിക് അഫയേഴ്സ് കൗൺസിലിലും അപ്പോയിന്റ്മെന്റ്സ് കമ്മിറ്റിയിലും ഇപ്പോൾ അദ്ദേഹം ചുമതല വഹിക്കുന്നുണ്ട്. വെസ്റ്റ്കോട്ട് ഹൗസ് ട്രസ്റ്റി ബോർഡ് മെമ്പറായ അദ്ദേഹം തിയോളജിക്കൽ കോളജ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി, നാഷണൽ കമ്മിറ്റി ഫോർ എത്നിക് മൈനോറിറ്റീസ്, ലണ്ടൻ ചർച്ചസ് റെഫ്യൂജിസ് നെറ്റ് വർക്ക് എന്നീ സ്ഥാപനങ്ങളിലും വിവിധ റോളുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

ആംഗ്ലിക്കൻ മിഷൻ ഏജൻസിയുടെ മുൻ ട്രസ്റ്റിയായ ഡോ.ജോൺ ആംഗ്ലിക്കൻ കമ്യൂണിയന്റെ വിവിധ പ്രോവിൻസുകളിലെ സ്ഥിരം പ്രഭാഷകനാണ്. ബിഷപ്പാകാനുള്ള ക്ഷണം എളിമയോടെ സ്വീകരിക്കുന്നുവെന്നും പുതിയ പദവിയിൽ സന്തോഷമുണ്ടെന്നും ഡോ.ജോൺ പെരുമ്പാലത്ത് പറഞ്ഞു. ബാർക്കിംഗിലെ അഞ്ചു വർഷത്തെ സേവനത്തിനു ശേഷം ലഭിച്ചിരിക്കുന്ന പുതിയ അവസരം വെല്ലുവിളികളുടെ പുതിയ മേഖലയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെംസ്ഫോർഡ് ബിഷപ്പ്, സ്റ്റീഫൻ കോട്റൽ പുതിയ ബിഷപ്പിന്റെ നിയമനത്തിൽ തന്റെ സന്തോഷം പങ്കുവെച്ചു.  പ്രഗത്ഭനായ തിയോളജിയനും അതിബുദ്ധിമാനായ  പാസ്റ്ററുമാണ് ഡോ.ജോൺ എന്ന് ബിഷപ്പ് പറഞ്ഞു.

ഇടവകാംഗങ്ങളുടെ സ്നേഹവും വിശ്വാസവും നേടിയെടുക്കാൻ ഡോ. ജോണിന് കഴിഞ്ഞെത്തും കൂടുതൽ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിൽ ഭരമേൽപ്പിക്കപ്പെടുകയാണെന്നും  പുതിയ പദവിയിൽ മുന്നേറുന്നതിനുള്ള അനുഗ്രഹങ്ങൾക്കായി ഡോ. ജോണിനും അദ്ദേഹത്തിന്റെ പത്നി ജെസിക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും ബിഷപ്പ് സ്റ്റീഫൻ കോട്റൽ വിശ്വാസ സമൂഹത്തോട് അഭ്യർത്ഥിച്ചു. ജൂലൈയിൽ മരണമടഞ്ഞ ബിഷപ്പ് ജോൺ വ്റോയുടെ പിൻഗാമിയായാണ് ഡോ. ജോൺ പെരുമ്പാലത്ത് അഭിഷിക്തനാക്കുന്നത്. 1966 ൽ ജനിച്ച ഡോ.ജോൺ 1995 ൽ വൈദികപട്ടം സ്വീകരിച്ചു. പത്നി ജെസി മാത്സ്‌ ടീച്ചര്‍ ആണ്. ഏകമകൾ അനുഗ്രഹ മെഡിക്കൽ സ്റ്റുഡന്റാണ്.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചെംസ്ഫോർഡ് രൂപതയിലെ ബ്രാഡ് വെൽ ബിഷപ്പായി  നിയമിക്കപ്പെട്ട ഡോ. ജോൺ പെരുമ്പാലത്തിന് മലയാളം യുകെ ന്യൂസ്‌ ടീമിന്റെ അഭിനന്ദനങ്ങള്‍.