ന്യൂസ് ഡെസ്ക്

ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ ഒരു അംഗം കൂടി എത്തുന്നു. ഏപ്രിൽ മാസത്തിൽ തങ്ങളുടെ കുഞ്ഞിന് ജന്മം നല്കാനൊരുങ്ങുകയാണ് രാജ ദമ്പതികൾ. പ്രിൻസ് വില്യത്തിൻറെയും പ്രിൻസസ് കേറ്റിൻറെയും മൂന്നാമത്തെ കുട്ടിയെയാണ് വരവേൽക്കാൻ രാജകുടുംബം ഒരുങ്ങുന്നത്. ജനിക്കാനിരിക്കുന്നത് രാജകുമാരനോ അതോ  രാജകുമാരിയോ  എന്ന ആകാംഷയിലാണ് ബ്രിട്ടീഷ് ജനത. രാജകിരീടത്തിന്റെ അവകാശികളിൽ അഞ്ചാം സ്ഥാനമാണ് ജനിക്കുന്ന കുഞ്ഞിന്.

പ്രിൻസ് ജോർജിന് നാലും പ്രിൻസസ് ഷാർലറ്റിന് രണ്ടും വയസാണ് പ്രായം. പ്രിൻസ് ചാൾസ്, പ്രിൻസ് വില്യം, പ്രിൻസ് ജോർജ്, പ്രിൻസസ് ഷാർലറ്റ് എന്നിവരാണ് നിലവിൽ രാജ കിരീടത്തിന് അവകാശമുള്ളവർ. പുതിയ അവകാശിയുടെ വരവോടെ പ്രിൻസ് ഹാരിയുടെ സ്ഥാനം ആറാമതായി. ഡച്ചസ് ഓഫ് കേംബ്രിഡ്ജ് ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ലിൻഡോ വിംഗിലാണ് പുതിയ അവകാശിയ്ക്ക് ജന്മം നല്കുക. കെൻസിംഗ്ടൺ പാലസ് ഒദ്യോഗികമായി കുഞ്ഞ് ജനിക്കുന്ന മാസം പുറത്തു വിട്ടെങ്കിലും കൃത്യമായ തിയതി വെളിപ്പെടുത്തിയിട്ടില്ല.

വില്യമിന്റെയും കേറ്റിന്റെയും ഏഴാം വിവാഹ വാർഷികം ഏപ്രിൽ 29നാണ്. ക്വീൻ എലിസബത്തിന് ഏപ്രിൽ 21 ന് 92 മത്  പിറന്നാളാണ്. സെൻറ് ജോർജസ് ഡേ ഏപ്രിൽ 23 നാണ്.  2018 ഏപ്രിൽ രാജ കുടുംബത്തെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്റെ കാലമാകും. കേറ്റ് രാജകുമാരി പ്രിൻസ് വില്യത്തിനൊപ്പം പാഡിംഗ്ടണിൽ നടന്ന ഒരു ചാരിറ്റി ഇവൻറിൽ തിങ്കളാഴ്ച പങ്കെടുത്തു.