ലണ്ടന്‍: ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജിലും ജി.സി.എസ്.ഇ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം. കേള്‍ക്കാന്‍ കഴിവില്ലാത്ത 12കാരനായ ഡാനിയല്‍ ജില്ലിംഗ്‌സിന്റെ കുടുംബം ആരംഭിച്ച ക്യാംപെയിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നിരിക്കുന്നത്. ബ്രിട്ടീഷ് സൈന്‍ ലാംഗ്വേജില്‍ ഇതുവരെ ജി.സി.എസ്.ഇ കൊണ്ടുവന്നിരുന്നില്ല. പാര്‍ലമെന്റില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെ പുതിയ വിഷയങ്ങളില്‍ ജി.എസി.എസ്.ഇ കൊണ്ടുവരില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമ പോരാട്ടത്തിന് പോകുമെന്ന് വ്യക്തമാക്കി ഡാനിയല്‍ ജില്ലിംഗ്‌സിന്റെ കുടുംബം രംഗത്തിറങ്ങിയതോടെ സര്‍ക്കാര്‍ നിലപാടില്‍ ഇളവ് വരുത്തുകയായിരുന്നു.

ജില്ലിംഗ്‌സിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് അഭിഭാഷകന്‍ നല്‍കിയ പരാതി പരിഗണനയിലാണെന്ന് ദി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എജ്യൂക്കേഷന്‍(ഡി.എഫ്.ഇ) അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എടുത്തിട്ടുള്ള തീരുമാനത്തില്‍ ഇളവ് വരുത്തുമെന്നും ഡി.എഫ്.ഇ വ്യക്തമാക്കി. ജില്ലിംഗ്‌സിന് പ്രായമാകുമ്പോള്‍ സൈന്‍ ലാംഗ്വേജില്‍ ജി.സി.എസ്.ഇ ക്ലാസുകളില്‍ ഇരിക്കാന്‍ ഇതോടെ സാധിക്കും. കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി ആരംഭിച്ച ഈ ക്യാംപെയിന്‍ ക്രൗഡ് ഫണ്ടിംഗിലൂടെ ഏതാണ്ട് 6000 പൗണ്ടോളം സമാഹരിച്ചിരുന്നു. നിയമ പോരാട്ടത്തിലൂടെ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാമെന്നതായിരുന്നു ക്യാംപെയിനേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ അതിന് മുന്‍പ് തന്നെ ഇവരുടെ ആവശ്യങ്ങള്‍ ഡി.എഫ്.ഇ അംഗീകരിക്കുകയായിരുന്നു.

ഡാനിയലിനെപ്പോലെയുള്ള കുട്ടികള്‍ക്ക് മറ്റു കുട്ടികള്‍ക്ക് സമാനമായ പഠന സാഹചര്യമുണ്ടാക്കുകയെന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവര്‍ക്കതിനുള്ള അവകാശമുണ്ടെന്നും ഡാനിയലിന്റെ മാതാവ് ആന്‍ ജില്ലിംഗ്‌സ് പ്രതികരിച്ചു. ആയിരക്കണക്കിന് കുട്ടികളുടെ ഭാവിയെ പ്രതികൂലമായ ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ മാറിയെന്നത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് നിയമ വിദഗ്ദ്ധനായ അലക്‌സ് റുക്ക് വ്യക്തമാക്കി. പുതിയ തീരുമാനം ഡാനിയലിപ്പോലെയുള്ള നിരവധി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുമെന്നാണ് പ്രതീക്ഷ. അവര്‍ അര്‍ഹിക്കുന്ന വിദ്യാഭ്യാസം ലഭിക്കുന്നുവെന്നതും സന്തോഷം തരുന്ന കാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലിംഗ്‌സ് കുടുംബത്തിന് ആവശ്യമായ നിയമോപദേശം നല്‍കിയ വ്യക്തി കൂടിയാണ് റുക്ക്.