ലണ്ടൻ ∙ ഭാര്യയുടെ 40–ാം പിറന്നാൾ ആഘോഷത്തിനിടെ മഡഗാസ്കറിനു സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിൽ ഭർത്താവിനെ ഭീമൻ സ്രാവ് കൊന്നു തിന്നതായി  റിപ്പോർട്ട്. ബ്രിട്ടിഷ് സഞ്ചാരി റിച്ചാർഡ് മാർട്ടിൻ ടേണർ (44) ആണു മരിച്ചത്. സുരക്ഷിത വിനോദസഞ്ചാര കേന്ദ്രമെന്നു വിളിപ്പേരുള്ള പ്രദേശത്തു ശ്വസനസഹായിയുമായി നീന്താൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

ഒരാഴ്ച ഇവിടെ ചെലവിടാനാണു ദമ്പതികൾ എത്തിയത്. ശനിയാഴ്ച ഒറ്റയ്ക്കു നീന്തുന്നതിനിടെ വെള്ളത്തിലേക്ക് ഊളിയിട്ട റിച്ചാർഡിനെ പിന്നീടു കാണാതായെന്നു ഭാര്യ പരാതിപ്പെട്ടു. അധികൃതർ ഹെലികോപ്ടർ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി തിരച്ചിൽ നടത്തി. മനുഷ്യർക്കു ഭീഷണിയായ നാല് ടൈഗർ സ്രാവുകളെ ഇതിന്റെ ഭാഗമായി പിടികൂടി. ഇതിലൊന്നിന്റെ വയറ്റിനകത്തു കണ്ട മുറിഞ്ഞ കൈകളാണു മരണത്തിന്റെ സൂചന നൽകിയത്.

കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ മരിച്ചതു റിച്ചാർഡ് ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. ശരീരാവശിഷ്ടത്തിന്റെ ഡിഎൻഎ പരിശോധനയും നടത്തി. മനുഷ്യരെ ആക്രമിക്കുന്നതിൽ രണ്ടാം സ്ഥാനത്തുള്ള സ്രാവ് ഇനമാണു ടൈഗർ. ശരാശരി 10–14 അടി നീളം, 385– 635 കിലോ വരെ ഭാരം ഉണ്ടാകും. മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണു സഞ്ചാരം.