കിംഗ്‌സ്റ്റണ്‍: ജമൈക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് വിനോദ സഞ്ചാരികളായ ബ്രിട്ടിഷ് പൗരന്‍മാര്‍ താമസ സ്ഥലത്തു നിന്ന് മാറരുതെന്ന് നിര്‍ദേശം. സെന്റ് ജെയിംസ് പാരിഷിലാണ് തുടര്‍ച്ചയായ വെടിവെപ്പുകളും അക്രമ സംഭവങ്ങളുമുണ്ടായതിനെത്തുടര്‍ന്ന് സെക്യൂരിറ്റി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വര്‍ഷത്തില്‍ ഏതാണ്ട് 2,00,000 ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ ജമൈക്കയിലെത്തുന്നുണ്ടെന്നാണ് കണക്ക്.

രാത്രി കാലങ്ങളിലെ യാത്രയ്ക്കും പ്രത്യേക കരുതല്‍ വേണമെന്നും നിയന്ത്രണം നിലനില്‍ക്കുന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഫോറിന്‍ ഓഫീസ് വ്ക്താവ് അറിയിച്ചു. വിനോദ സഞ്ചാരികള്‍ റിസോര്‍ട്ടുകളില്‍ത്തന്നെ തുടരണമെന്നും വക്താവ് ആവശ്യപ്പെട്ടു. സെന്റ് ജെയിംസ് മേഖലയിലെ ആളുകളുടെ സുരക്ഷ പുന:സ്ഥാപിക്കുന്നതിനാണ് അടിയന്താരവസ്ഥ പ്രഖ്യാപിക്കുന്നതെന്ന് വ്യാഴാഴ്ച ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്രു ഹോള്‍നെസ്സ് അറിയിച്ചിരുന്നു.

ലോട്ടറി തട്ടിപ്പ്, ആയുധക്കടത്ത്, കൊലപാതങ്ങള്‍ തുടങ്ങിയവയ്ക്ക് നേതൃത്വം നല്‍കുന്നവരെയാണ് പൊലീസ് തിരയുന്നതെന്നും ജനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും ജമൈക്കന്‍ പ്രതിരോധ വകുപ്പ് തലവന്‍ മേജര്‍ ജനറല്‍ റോക്കി മീഡ് പറഞ്ഞു. മാഫിയ സംഘങ്ങള്‍ ഉള്‍പ്പെടുന്ന അക്രമസംഭവങ്ങളുടെ പരമ്പരയാണ് പ്രദേശത്ത് അരങ്ങേറുന്നതെന്ന് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനായ സൈമണ്‍ കാള്‍ഡര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ച്ചയില്‍ 5 കൊലപാതകങ്ങളെങ്കിലും പ്രദേശത്ത് നടക്കുന്നതായും ഈ വര്‍ഷം ആരംഭത്തോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായെന്നും റേഡിയോ 5 ലൈവില്‍ സൈമണ്‍സ് പറഞ്ഞു.

335 കൊലപാതകങ്ങളാണ് സെന്റ് ജെയിംസ് പാരിഷ് മേഖലയില്‍ 2017ല്‍ ഉണ്ടായിട്ടുള്ളതെന്ന് ജമൈക്കന്‍ പത്രമായ ഗ്ലീനര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം രാജ്യത്താകമാനം കൊല്ലപ്പെട്ടവരുടെ എണ്ണം 38 ആണ്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇത് 23 ആയിരുന്നെന്നും ഗ്ലീനര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. അതേസമയം ജമൈക്കയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യു.കെ. ഫോറിന്‍ ഓഫീസ് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും കാള്‍ഡര്‍ പറഞ്ഞു.