ലണ്ടന്‍: ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലുകളില്‍ ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനം. പ്രൈം ടൈമിലെ ഓരോ മണിക്കൂറിലും ശരാശരി അഞ്ച് ലൈംഗിക പരാമര്‍ശങ്ങള്‍ ബ്രിട്ടീഷ് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നതായാണ് കണ്ടെത്തല്‍. സ്ത്രീകളെക്കാള്‍ പുരുഷന്‍മാരാണ് ഈ സമയത്ത് ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ചാനല്‍ ഫോര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. രാത്രി ഏഴിനും പതിനൊന്നിനുമിടയില്‍ സംപ്രേഷം ചെയ്യുന്ന പരിപാടികളെയാണ് ഇവര്‍ പഠനത്തിന് വിധേയമാക്കിയത്. ബിബിസി1, ബിബിസി2, ഐടിവി, ചാനല്‍4, ചാനല്‍5, സ്‌കൈ1 തുടങ്ങിയ ചാനലുകളെയാണിവര്‍ 2015ല്‍ മൂന്ന് മാസത്തോളം നിരീക്ഷിച്ചത്.
അഞ്ഞൂറ് മണിക്കൂര്‍ ടെലിവിഷന്‍ പരിപാടികളെ ഇവര്‍ നിരീക്ഷിച്ചു. കമ്യൂണിക്കേഷന്‍ റിസര്‍ച്ച് ഗ്രൂപ്പാണ് പഠനം നടത്തിയത്. ചാനല്‍ 4 ആണ് പഠനം സംഘടിപ്പിച്ചത്. സിനിമ, ഹാസ്യ വിനോദ പരിപാടികളില്‍ ലൈംഗികത കടന്ന് വരുന്നതായി സംഘം നിരീക്ഷിച്ചു. ഈ രംഗത്ത് നിന്ന് സ്ത്രീകള്‍ ഒഴിവാക്കപ്പെട്ട് കൊണ്ടിരിക്കന്നതായും പഠനം പറയുന്നു. ഈ സമയത്ത് അവതാരകരും, അതിഥികളും നിരീക്ഷകരും അടക്കം രണ്ട് ശതമാനം സ്ത്രീ പ്രാതിനിധ്യം മാത്രമാണ് ഉളളത്. ക്ലെയര്‍ ബാള്‍ഡിംഗും ഗാബി ലോഗനും അടക്കം വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഈ നേരത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകള്‍.

പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ ലൈംഗിക പ്രശ്‌നങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെലിവിഷന്‍ സ്‌ക്രീനിലെ ലൈംഗികതയില്‍ 72 ശതമാനവും സ്ത്രീകളെ ലക്ഷ്യമിട്ടുളളവയാണ്. 28 ശതമാനം മാത്രമാണ് പുരുഷന്‍മാര്‍ ഇതനുഭവിക്കേണ്ടി വരുന്നത്. 70കളിലും 80കളിലും ഷോകളില്‍ നിറഞ്ഞ് നിന്നിരുന്ന ലൈംഗികത പൂര്‍ണമായും ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നും അതിലും തരം താണ തലത്തില്‍ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ ലൈംഗികത അരങ്ങ് തകര്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വൈവിധ്യവത്ക്കരണത്തെക്കുറിച്ച് നടന്ന ചാനല്‍ തലവന്‍മാരുടെ കോണ്‍ഫറന്‍സിലാണ് പഠനം അവതരിപ്പിക്കപ്പെട്ടത്. അവതരണത്തില്‍ കുറച്ച് കൂടി നിലവാരം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് കോണ്‍ഫറന്‍സില്‍ ധാരണയായിട്ടുണ്ട്.
വാര്‍ത്തകളിലും മറ്റും സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതായും പഠനം വ്യക്തമാക്കുന്നു. വാര്‍ത്താരംഗത്ത്‌സ്ത്രീകള്‍ക്ക് 59 ശതമാനം പങ്കാളിത്തം ലഭിക്കുന്നു. രാജ്യത്തെ സ്ത്രീകളില്‍ 36 ശതമാനവും അമ്പത് വയസിന് മേല്‍ പ്രായമുളളവരാണ്. എന്നാല്‍ ടെലിവിഷന്‍ രംഗത്ത് ഇതിന് മുകളില്‍ പ്രായമുളളവരുടെ എണ്ണം വെറും 23 ശതമാനം മാത്രമാണ്.