ന്യൂസ് ഡെസ്ക്

ബ്രിട്ടണിലെ പുതു തലമുറ റിട്ടയർ ചെയ്യാൻ 71 വയസുവരെ കാത്തിരിക്കണം. ഗവൺമെന്റിന്റെ നിലവിലെ പദ്ധതിയനുസരിച്ച് ഓരോ പത്തു വർഷം കൂടുമ്പോൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കും. നിലവിൽ അറുപത്തിയഞ്ചാം വയസിൽ സ്റ്റേറ്റ് പെൻഷൻ പുരുഷന്മാർക്ക് ലഭിക്കും. എന്നാൽ ഇപ്പോൾ ഇരുപതുകളിലുള്ള യുവാക്കൾക്ക് റിട്ടയർ ചെയ്യണമെങ്കിൽ നിലവിലെ റിട്ടയർമെന്റ് പ്രായത്തേക്കാൾ ആറു വർഷം കൂടി ജോലി ചെയ്യേണ്ടി വരും. ജനങ്ങളുടെ ജീവിതദൈർഘ്യം കൂടുന്നതിനനുസരിച്ച് പെൻഷൻ പ്രായം ഉയർത്തേണ്ടി വരുമെന്ന് ഗവൺമെന്റ് ആക്ചുറി ഡിപ്പാർട്ട്മെൻറു പറയുന്നു. പെൻഷൻ ഫണ്ടിൽ ആവശ്യമായ തുക കണ്ടെത്തുന്നതിനായി നാഷണൽ ഇൻഷുറൻസ് കോൺട്രിബ്യൂഷനും ഉയർത്തും. നാഷണൽ ഇൻഷുറൻസ് 5 പോയിന്റ് കൂടിയാൽ ശരാശരി 1000 പൗണ്ട് വാർഷിക ടാക്സ് കൂടുതൽ അടയ്ക്കേണ്ടി വരും.

2037 ൽ പെൻഷൻ പ്രായം 68 ആകും. ഇപ്പോൾ അമ്പതിനടുത്ത് പ്രായുള്ളവരെയാണ് ഇത് ബാധിക്കുന്നത്. നേരത്തെ തീരുമാനിച്ചതിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് ഒരു ദശകം നേരത്തെ പെൻഷൻ പ്രായം ഉയർത്താൻ ആലോചിക്കുന്നത്. 30 കളിൽ ഉള്ളവർ പെൻഷനാകാൻ 69 വയസ് പൂർത്തിയാകാൻ കാത്തിരിക്കണം. 2057 നും 2059 നും ഇടയിൽ പെൻഷൻ പ്രായം 70 വയസാകും. പുതിയ തലമുറ കൂടുതൽ കാലം ജോലി ചെയ്ത് നിലവിൽ റിട്ടയർ ചെയ്തവർക്ക് പെൻഷൻ നല്കാനുള്ള ഫണ്ട് കണ്ടെത്തേണ്ട സ്ഥിതിവിശേഷത്തിലേയ്ക്കാണ് ബ്രിട്ടൺ അടുത്തു കൊണ്ടിരിക്കുന്നത്.