കാനഡയെ നടുക്കിയ കൊലപാതകങ്ങളുടെ സത്യം കണ്ടെത്തിയതോടെ വലിയ ഞെട്ടലാണ് രാജ്യം. ബ്രൂസ് മക് ആർതർ എന്ന 67കാരന്റെ വെളിപ്പെടുത്തലാണ് ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കുന്നത്. 2010 മുതൽ 2017 വരെ കാണാതായ സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആർതറിന്റെ വെളിപ്പെടുത്തൽ.

ബ്രൂസ് മക് ആർതർ എന്ന സീരിയൽ കില്ലറിലേക്കു പൊലീസ് എത്തിയത് ഇയാളുടെ സ്നേഹിതനും അവസാന ഇരയുമായ ആൻഡ്രൂ കിൻസ്മാനിൽനിന്നാണ്. 2017 ജൂൺ 26ന് ആൻഡ്രൂവിനെ കാണാതായി. പരാതി അന്വേഷിക്കുന്നതിനിടെ വീട്ടിൽ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറിൽ ‘ബ്രൂസ്’ എന്നു കുറിച്ചിട്ടതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്പു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആർതറിലെത്തിയത്.
മികച്ച ലാൻഡ്സ്കേപ്പർ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ൽ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയിൽനിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവർഗാനുരാഗ സമൂഹത്തിൽ പേരെടുത്തു. 2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആൺവേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലിൽ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ഇതിനുശേഷം ഏട്ടോളം പേരെ കൊന്നതായിട്ടാണ് ഇയാളുടെ വെളിപ്പെടുത്തൽ.

കൊലപാതകങ്ങളെല്ലാം ലൈംഗിക പീഡനങ്ങളെ തുടർന്നാണെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണു നിഗമനം. കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സർജിക്കൽ കയ്യുറ, കയർ, സിപ്പുകൾ, ബംഗി വയർ, സിറിഞ്ചുകൾ‌ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയിൽ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തു. ‘നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി’ എന്നാണു ടൊറന്റോ മേയർ ജോൺ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്.