ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈന്‍ കമ്പനികളുടെ സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തു കളയുമെന്ന് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സിയിലെ തുടര്‍ പങ്കാളിത്തമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇപ്രകാരം ചെയ്യാന്‍ നിര്‍ബന്ധിതരായിത്തീരുമെന്നാണ് ബ്രസല്‍സ് നല്‍കുന്ന മുന്നറിയിപ്പ്. ബ്രിട്ടീഷ് എയര്‍ലൈനുകള്‍ക്ക് മാത്രമല്ല വിമാന നിര്‍മാതാക്കള്‍ക്കും ഈ വിലക്ക് ബാധകമാകും. ഇവര്‍ക്കും ഇഎഎസ്എ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. വിമാനങ്ങള്‍ക്ക് പറക്കാനുള്ള പെര്‍മിറ്റ്, എയര്‍വര്‍ത്തിനസ് സര്‍ട്ടിഫിക്കറ്റ്, മെയിന്റനന്‍സ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കല്‍ തുടങ്ങിയവ യൂറോപ്യന്‍ രാജ്യങ്ങളിലും എഫ്റ്റ രാജ്യങ്ങളിലും നല്‍കുന്നത് ഇഎഎസ്എയാണ്. പൈലറ്റുമാരുടെയും ക്രൂ എന്‍ജിനീയര്‍മാരുടെയും സേഫ്റ്റി ലൈസന്‍സുകളും ഇല്ലാതാക്കാനും യൂറോപ്യന്‍ യൂണിയന് ഇതിലൂടെ കഴിയും.

തങ്ങളുടെ നിലവാരങ്ങള്‍ക്കനുസരിച്ചുള്ള സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രെക്‌സിറ്റിനു ശേഷം യുകെ എയര്‍ലൈനുകള്‍ക്ക് നല്‍കാനാകില്ലെന്ന് ബ്രസല്‍സ് മുന്നറിയിപ്പില്‍ പറയുന്നു. അംഗ രാജ്യങ്ങളിലെ വിമാനക്കമ്പനികള്‍ക്കും നിര്‍മാണക്കമ്പനികള്‍ക്കും മാത്രം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ് ഏജന്‍സിയുടെ ബേസിക് റെഗുലേഷന്‍ പറയുന്നത്. ഇതനുസരിച്ച് യുകെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകുന്നതോടെ ഈ സര്‍ട്ടിഫിക്കേഷനുള്ള അര്‍ഹതയില്‍ നിന്നും പുറത്താകും. ആര്‍ട്ടിക്കിള്‍ 5 അനുസരിച്ച് യുകെയില്‍ നിര്‍മിക്കുന്ന വിമാനഭാഗങ്ങള്‍ക്കും ഈ സുരക്ഷാ സര്‍ട്ടിഫിക്കറ്റിനുള്ള യോഗ്യത ഉണ്ടായിരിക്കുന്നതല്ല.

ഏവിയേഷന്‍ രംഗത്ത് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും അംഗീകരിച്ച നിയമാവലിയാണ് ബേസിക് റെഗുലേഷന്‍. ഇഎഎസ്എക്ക് പകരമായി യുകെ ഒരു സംവിധാനം രൂപീകരിക്കുന്ന വിഷയത്തില്‍ എഡിഎസ് ഗ്രൂപ്പ് എന്ന എയ്‌റോസ്‌പേസ്, ഡിഫന്‍സ് വ്യവസായങ്ങളുടെ സംഘടന ആശങ്കയറിയിച്ചിട്ടുണ്ട്. യുകെയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് ഇത്തരം ഒരു സംവിധാനം രൂപീകരിക്കാനുള്ള കഴിവ് നിലവിലില്ല. സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള ശേഷി പുതിയൊരു ഏജന്‍സിക്ക് കൈവരണമെങ്കില്‍ കുറഞ്ഞത് 10 വര്‍ഷമെങ്കിലും വേണ്ടി വരും.