പ്രളയ ദുരിതമനുഭവിക്കുന്ന കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മൊബൈൽ ഉപയോക്താക്കൾ കൈതാങ്ങായി ബിഎസ്എൻഎൽ. ഈ സംസ്ഥാനങ്ങളിലെ ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏഴു ദിവസം അൺലിമിറ്റഡ് കോളിങ് സൗകര്യമാണ് കമ്പനി നൽകുന്നത്. ഇതിനൊപ്പം സൗജന്യ എസ്എംഎസും 1 ജിബി ഡാറ്റയുമുണ്ട്.

കേരളം, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അപ്രതീക്ഷിതമായുണ്ടായ പ്രളയത്തെ തുടർന്ന് ബിഎസ്എൻഎൽ ടു ബിഎസ്എൻഎൽ സൗജന്യ വോയിസ് കോളുകളും ബിഎസ്എൻഎല്ലിൽ നിന്ന് മറ്റു നെറ്റ്‌വർക്കുകളിലേക്ക് 20 മിനിറ്റ് സൗജന്യ കോളുകളും നൽകാൻ തീരുമാനിച്ചതായി ബിഎസ്എൻഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കൊടഗു, ഉത്തര കന്നഡ, ബെൽഗാവി ജില്ലകളിലെയും ചിക്കമംഗളൂരുവിലെ ചില പ്രദേശങ്ങളിലെയും കർണാടകയിലെ ഹസൻ, കേരളത്തിൽ വയനാട്, മലപ്പുറം ജില്ല, മഹാരാഷ്ട്രയിലെ സാങ്‌ലി, കോൽഹപൂരിലെയും ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക. ബിഎസ്എൻഎല്ലിനു പുറമേ എയർടെൽ, വോഡഫോൺ, ഐഡിയ കമ്പനികളും കേരളത്തിലെ തങ്ങളുടെ ഉപയോക്താക്കൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളിലെ എയർടെൽ ഉപയോക്താക്കൾക്ക് അവരവരുടെ അക്കൗണ്ടുകളിൽ സൗജന്യ ടോക്ടൈം, എസ്എംഎസ്, ഡാറ്റ വിവരങ്ങൾ ക്രെഡിറ്റ് ചെയ്യപ്പെടും. ഇതിനുപുറമേ, പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് പ്ലാൻ കാലാവധിയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് ബിൽ അടയ്ക്കാനുളള കാലാവധിയും ഓഗസ്റ്റ് 16 വരെ നീട്ടി നൽകിയിട്ടുണ്ട്.

പ്രളയത്തിൽ കാണാതായവരെ കണ്ടെത്താൻ സഹായിക്കുന്നതിന് സ്പെഷ്യൽ ടോൾ ഫ്രീ ഹെൽപ്‌ലൈനും (1948) എയർടെൽ തുടങ്ങിയിട്ടുണ്ട്. എയർടെൽ കണക്ഷൻ വഴി സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ ബന്ധപ്പെടാൻ കഴിയാത്തവർക്ക് ഈ ഹൈൽപ്‌ലൈൻ നമ്പരിലേക്ക് വിളിക്കാവുന്നതാണെന്ന് എയർടെലിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

വോഡഫോണും ഐഡിയയും ബിൽ അടയ്ക്കാനുളള തീയതി നീട്ടിയിട്ടുണ്ട്. ഇതിനു പുറമേ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 10 രൂപവരെയുളള ടോക്ടൈം ക്രെഡിറ്റും കമ്പനി നൽകുന്നുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾ സ്പെഷ്യൽ നമ്പരിലേക്ക് വിളിക്കേണ്ടതാണ്.

കുട്ടി ക്രെഡിറ്റ് ആക്ടിവേറ്റ് ചെയ്യാൻ വോഡഫോൺ ഉപയോക്താക്കൾ *130# ഡയൽ ചെയ്യുക. ഐഡിയ ഉപയോക്താക്കൾ *150*150# ഡയൽ ചെയ്യുക. കേരളത്തിലെ വോഡഫോൺ, ഐഡിയ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുമെന്ന് വോഡഫോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.